സംഘർഷം ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യ- ചൈന സംയുക്ത ധാരണ

സംഘർഷം ഒഴിവാക്കാനും ഉത്തരവാദിത്തത്തോടെ സമാധാനം പുനസ്ഥാപിക്കാനും ഉള്ള നീക്കങ്ങൾക്ക് ഇന്ത്യ- ചൈന തീരുമാനം. മോസ്‌കോയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധമന്ത്രിമാർ തമ്മിൽ ഇക്കാര്യത്തിൽ ധാരണ ആയത്. സൈനിക തല ചർച്ചകളും സമാന്തരമായി ഉന്നത സൈനിക ഉദ്യോഗസ്ഥ ചർച്ചകളും പുനഃസ്ഥാപിച്ച് മേഖലയെ സമയ ബന്ധിതമായി സംഘർഷ രഹിതമാക്കും. ചൈനയുടെ പ്രകോപനങ്ങളും വാഗ്ദാന ലംഘനങ്ങളും അതിർത്തി വിപുലമാക്കാനുള്ള നീക്കങ്ങളും ആണ് അടിസ്ഥാന പ്രശ്‌നകാരണമെന്ന് ഇന്ത്യ ചർച്ചയിൽ കുറ്റപ്പെടുത്തി.
Read Also : ഇന്ത്യ- ചൈന പ്രശ്‌നം പരിഹരിക്കാൻ അമേരിക്ക മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ്
നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70ാം വർഷം കടുത്ത അനീതിയാണ് ചൈനയിൽ നിന്ന് സമ്മാനമായി ലഭിച്ചതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ബന്ധങ്ങൾ വിട്ട് വീഴ്ചകളിലൂടെ മികച്ചതാക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യയുടെ ശത്രുക്കളെ സഹായിക്കുന്ന സമീപനം ആദ്യം സ്വീകരിച്ചു. അതിർത്തി വിസ്താരം വർധിപ്പിക്കാൻ പിന്നീട് നടത്തിയ ശ്രമവും ഇപ്പോൾ ഉണ്ടായി കൊണ്ടിരിക്കുന്ന പ്രകോപനവും ഞെട്ടിക്കുന്നതാണ്. ചുഷൂൽ അടക്കം അംഗീകരിക്കപ്പെട്ട അതിർത്തികളിൽ പോലും കടന്നുകയറാൻ നോക്കുന്നു. സമാധാന ശ്രമങ്ങൾക്കായുള്ള ഇന്ത്യയുടെ നിരന്തര ശ്രമത്തെ ചൈന തെറ്റിദ്ധരിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
പ്രശ്‌നങ്ങൾ എല്ലാം ഉണ്ടാക്കിയത് ഇന്ത്യൻ സൈനികരാണെന്ന് നിലപാടാണ് ചൈനീസ് പ്രതിരോധമന്ത്രി വീ ഫെംഗേ സ്വീകരിച്ചത്. കടന്നുകയറ്റം ഉണ്ടായത് ഇന്ത്യയുടെ ഭാഗത്താണെന്നും ചൈനീസ് പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി. ഇനിയുള്ള ദിവസങ്ങളിൽ സമാധാനം ഉറപ്പാക്കേണ്ടത് അനിവാര്യം ആയതിനാലാണ് രണ്ടാം തവണയും താൻ സംഭാഷണത്തിന് ഇന്ത്യൻ പ്രതിരോധമന്ത്രിയെ ക്ഷണിക്കാൻ തയാറായതെന്ന് വീ ഫെംഗേ പറഞ്ഞു. വിവിധ തലങ്ങളിലെ സൈനിക തല ചർച്ചകൾ നടത്താനും സമാധാനം പുനഃസ്ഥാപിക്കാനും ധാരണകൾ വേഗത്തിൽ പാലിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. പത്താം തിയതി നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ ചർച്ചയിൽ അടിയന്തരമായി സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടിംഗ് നടത്താനും ഇരുരാജ്യങ്ങളും സമ്മതിച്ചു.
Story Highlights – india – china issue, india- china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here