സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; നടി റിയ ചക്രവർത്തിയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ നടി റിയ ചക്രവർത്തിക്ക് ഇന്ന് നിർണായക ദിവസം. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടിയെ ഇന്ന് ചോദ്യം ചെയ്യും. അതിനിടെ സുശാന്തിന്റെ വീട്ടിലെ ജോലിക്കാരൻ ദീപേഷ് സാവന്തിന്റെ അറസ്റ്റ് എൻസിബി ഇന്നലെ രേഖപ്പെടുത്തി.
നടി റിയാ ചക്രവർത്തിയുടെ സഹോദരൻ ഷൊവികിനെയും, സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിരാൻഡയെയും ചോദ്യം ചെയ്തപ്പോൾ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിയ ചക്രവർത്തിയെ ഇന്ന് ചോദ്യം ചെയ്യുന്നത്. ഷൊവികിനെയും, റിയെയും ഒരുമിച്ചിരുത്തിയായിരിക്കും നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ശേഷം റിയയെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഇന്നലെ ഹാജരാക്കാനായിരുന്നു റിയയ്ക്ക് ആദ്യം നൽകിയ നിർദേശം, പിന്നീട് അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ലഹരിമരുന്ന് കേസിൽ സുശാന്ത് സിംഗിന്റെ വീട്ടുജോലിക്കാരൻ ദീപേഷ് സാവന്തിനെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്ന ദീപേഷിനെ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എൻസിബി അറസ്റ്റ് ചെയതത്. അതിനിടെ സുശാന്തിനെ മരിച്ചനിലയിൽ കണ്ടെത്തിയ ബാന്ദ്രയിലെ വീട്ടിൽ സിബിഐയോടൊപ്പം ഡൽഹി എയിംസിൽ നിന്നുള്ള സംഘവും പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഫോറൻസിക് വിദഗ്ധർ വിശദമായി വിലയിരുത്തുകയാണ്.
Story Highlights – susanth singh rajputh dies, riya chakraborthy will be questioned narcotics bureau
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here