നാണയം വിഴുങ്ങിയതിന് പിന്നാലെ മൂന്ന് വയസുകാരൻ മരിച്ച സംഭവം; കുടുംബാഗങ്ങളെ കളക്ടർ ചർച്ചയ്ക്ക് വിളിച്ചു

ആലുവയിൽ നാണയം വിഴുങ്ങിയതിന് പിന്നാലെ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ സമരം ചെയ്യുന്ന കുടുംബാഗങ്ങളെ കളക്ടർ ചർച്ചയ്ക്ക് വിളിച്ചു. ജില്ലാ കളക്ടറും റൂറൽ എസ്പിയും കുടുംബാഗങ്ങളെ കാണും. ആലുവാ ജില്ലാ ആശുപത്രിയ്ക്ക് മുന്നിലെ കുടുംബത്തിന്റെ സമരം പത്താം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണിത്.
നാണയം വിഴുങ്ങിയതിന് പിന്നാലെ മൂന്നു വയസുകാരൻ പൃഥിരാജ് കഴിഞ്ഞ മാസം 2-ാം തീയതിയാണ് മരിച്ചത്. ആലുവ ജില്ലാ ആശുപത്രിയിൽ ആദ്യം ചികിത്സയ്ക്ക് എത്തിച്ച കുഞ്ഞിനെ പിന്നീട് ജനറൽ ആശുപത്രിയിലേക്കും ആലപ്പുഴ മെഡിക്കൽ കേളജിലേക്കും കൊണ്ടുപോകുകയായിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം വീട്ടിലേക്ക് എത്തിച്ച കുഞ്ഞ് പിന്നീട് മരിക്കുകയായിരുന്നു.
സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും കുഞ്ഞിന്റെ മരണ കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും രാസപരിശോധനാ ഫലവും പുറത്തുവന്നിരുന്നു. ഡോക്ടർമാരുടെ പ്രാഥമിക നിഗമനത്തിൽ കുഞ്ഞിന് നിമോണിയ ഉണ്ടായിരുന്നതായും അത് ഹൃദയത്തെ ബാധിച്ചതാണ് മരണ കാരണമെന്നുമാണ്.
എന്നാൽ, ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ നിരീക്ഷണത്തിൽ വയ്ക്കാൻ തയാറായില്ല. കുഞ്ഞിന്റെ മരണ കാരണത്തിലും നിരീക്ഷണത്തിൽ വയ്ക്കാതിരുന്നതിന്റെ കാരണവും പ്രത്യേകം പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുഞ്ഞിന് നീതി ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി അമ്മ നന്ദിനിയും മറ്റ് കുടുംബാഗങ്ങളും ആലുവാ ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ സമരത്തിലായിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നെങ്കിലും അധികൃതർ ആദ്യ ഘട്ടത്തിൽ ഇടപെടാൻ തയാറാകാത്ത സാഹചര്യത്തിലാണ് കളക്ടറുടെ ഇടപെടൽ.
Story Highlights – Three-year-old boy dies after swallowing coin; The collector called the family members for a discussion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here