Advertisement

അമേരിക്കയിൽ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് എങ്ങനെ ? [24 Explainer]

September 8, 2020
Google News 2 minutes Read
american election simple explanation

കഴിഞ്ഞ ദിവസങ്ങളിലായി ലോകശ്രദ്ധ മുഴുവൻ അമേരിക്കയിലേക്കാണ്. കാരണം അമേരിക്കൻ തെരഞ്ഞെടുപ്പ് തന്നെ….യുഎസ് പ്രസിഡന്റിനാണ് ലോകശക്തികളിലെ പ്രഥമ സ്ഥാനം. ഒരു അന്താരാഷ്ട്ര പ്രതിസന്ധി വന്നാൽ, യുദ്ധം വരുമ്പോൾ, മഹാമാരി, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ലോകജനതയെ ഒന്നാകെ ബാധിക്കുന്ന നിർണായക വിഷയങ്ങളിൽ അമേരിക്കൻ ഭരണാധികാരിയുടെ തീരുമാനത്തിന് വലിയ സ്ഥാനമാണ് ഉള്ളത്. എന്നാൽ എങ്ങനെയാണ് അമേരിക്കയിൽ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് ? ലോകത്തിന്റെ ഗതിതന്നെ മാറ്റി മറിക്കാൻ ശേഷിയുള്ള ആ തെരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെയെന്ന് നോക്കാം…

നാല് വർഷത്തിലൊരിക്കലാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ മൂന്നിനാണ് ഈ വർഷത്തെ തെരഞ്ഞെടുപ്പ്. അമേരിക്കയിൽ പ്രധാനമായും രണ്ട് പാർട്ടികളാണ് ഉള്ളത്…റപബ്ലിക്കൻസും, ഡെമോക്രാറ്റും. റിപബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റ് സ്ഥാനാർത്ഥിയാണ് ജോ ബൈഡൻ. തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടക്കുന്നതിന് മുമ്പ് പ്രസിഡന്റ് ആകാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് നോക്കാം..

ആർക്കെല്ലാം അമേരിക്കൻ പ്രസിഡന്റ് ആകാം ?

അമേരിക്കൻ പൗരനായ, 14 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ, ഏറ്റവും കുറഞ്ഞത് 35 വയസുള്ള ഏതൊരു വ്യക്തിക്കും അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാം.

തെരഞ്ഞെടുപ്പ് പ്രക്രിയ

സാധാരണയായി കാണുന്നത് പോലെ അമേരിക്കയിൽ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് ജനങ്ങളല്ല. മറിച്ച് എലക്ടർമാരാണ്. അഞ്ച് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആദ്യ ഘട്ടം പ്രൈമറിയും കോക്കസും. രണ്ട്, ദേശിയ കൺവെൻഷൻ, മൂന്ന്, തെരഞ്ഞെടുപ്പ് ക്യാമ്പെയിൻ, നാല്, ജനറൽ ഇലക്ഷൻ, അഞ്ച്, ഇലക്ടറൽ കോളജ്

  • ആദ്യ ഘട്ടം- പ്രൈമറിയും കോക്കസും

ജനറൽ ഇലക്ഷനായി സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയാണ് പ്രൈമറി. വോട്ടർമാർ രഹസ്യമായി രേഖപ്പെടുത്തുന്ന വോട്ടുകളാണ് പ്രൈമറി. ഓപ്പൺ, പ്രൈമറി, ക്ലോസ്ഡ് പ്രൈമറികളിൽ ഓപ്പൺ പ്രൈമറികളിൽ പാർട്ടി വ്യത്യാസമില്ലാതെ എല്ലാവർക്കും ഇഷ്ടമുള്ള സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്താം. എന്നാൽ ക്ലോസ്ഡ് പ്രൈമറികളിൽ ഏത് പാർട്ടിയ്ക്ക് വേണ്ടിയാണോ രജിസ്റ്റർ ചെയിതിട്ടുള്ളത് ആ പാർട്ടിയുടെ സ്ഥാനാർത്ഥിയ്ക്ക് മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

കോക്കസ് എന്നാൽ രജിസ്റ്റർ ചെയ്ത പാർട്ടി അംഗങ്ങൾ ഒരുമിച്ചു കൂടി സ്ഥാനാർത്ഥികളെ ചർച്ച ചെയ്ത് പാർട്ടി കൺവെൻഷനിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതാണ്. കോക്കസ് നടപ്പിലാക്കുന്ന രീതിയിൽ സ്‌റ്റേറ്റുകൾ തമ്മിൽ വ്യത്യാസങ്ങളുണ്ട്.

  • രണ്ടാം ഘട്ടം- ദേശിയ കൺവെൻഷൻ

പ്രൈമറിയും കോക്കസും പൂർത്തിയാക്കിയാൽ. അടുത്ത ഘട്ടം ദേശിയ കൺവെൻഷനാണ്. ദേശിയ കൺവെൻഷനിലാണ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്.

ഇതിൽ 50 സ്‌റ്റേറ്റുകളിലും നിന്നുള്ള പാർട്ടി പ്രതിനിധികളും പങ്കെടുക്കും. ഓരോ സ്‌റ്റേറ്റിലും താൽപര്യമുള്ള സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാനാണ് പാർട്ടി സ്‌റ്റേറ്റ് പ്രതിനിധികൾ വരുന്നത്. പ്രസിഡന്റ് സ്ഥാനാർത്ഥി തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ നാമനിർദേശം ചെയ്യുന്നു. ഈ കൺവെൻഷൻ അവസാനിക്കുന്നതോടെ ജനറൽ ഇലക്ഷണിന് തുടക്കമാകും.

  • ഇതിന് പിന്നാലെ മൂന്നാംഘട്ടമായ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. തങ്ങളുടെ തെരഞ്ഞെടുപ്പ് അജണ്ടകളും പദ്ധതികളും ജനങ്ങളുമായി പങ്കുവച്ച് വോട്ട് പിടിക്കും. വലിയ റാലികളുമൊക്കെയായി പരസ്യ പ്രചാരണം പൊടിപൊടിക്കും…

നാലാം ഘട്ടം- ജനറൽ ഇലക്ഷൻ

നവംബറിലാണ് അമേരിക്കയിൽ തെരഞ്ഞെടുപ്പ് നടക്കുക. അമേരിക്കയിൽ ജനങ്ങൾ വോട്ട് ചെയ്യുന്നത് നേരിട്ട് പ്രസിഡന്റ് സ്ഥാനാർത്ഥിക്കല്ല മറിച്ച് എലക്ടർമാർക്കാണ്. ഈ എലക്ടർമാരാണ് പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നത്.

അഞ്ചാം ഘട്ടം- എലക്ടറൽ കോളജ്

vo- എലക്ടർമാർ അടങ്ങുന്ന ഈ സംഘത്തെ എലക്ടറൽ കോളജ് എന്ന് വിളിക്കും. ഡിസംബറിലാകും ഈ ഘട്ടം നടക്കുക. എലക്ടറൽ കോളജിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ സ്ഥാനാർത്ഥിയാണ് അമേരിക്കയിൽ പ്രസിഡന്റാകുക. അതാണ് ചട്ടം.

അതിനുദാഹരണമാണ് 2016 ലെ തെരഞ്ഞെടുപ്പ്. ഏറ്റവും കൂടുതൽ പോപ്പുലർ വോട്ട് ലഭിച്ചത് ഹിലരി ക്ലിന്റണിനാണെങ്കിലും എലക്ടറൽ വോട്ട് ഏറ്റവും കൂടുതൽ ലഭിച്ചത് ട്രംപിനാണ്.

ഡോണൾഡ് ട്രംപ്– റിപബ്ലിക്കൻ- പോപ്പുലർ വോട്ട്- 60,265,858 – ഇലക്ടറൽ വോട്ട് 306

ഹിലരി ക്ലിന്റൺ– ഡെമോക്രാറ്റ്- പോപ്പുലർ വോട്ട്- 60,839,922 – ഇലക്ടറൽ വോട്ട്- 232

538 എലക്ടറൽ വോട്ടുകളാണ് ആകെയുള്ളത്. 270 എലക്ടറൽ വോട്ടുകൾ ലഭിച്ചാൽ മാത്രമേ ഒരു സ്ഥാനാർത്ഥി വിജയിക്കുകയുള്ളു.

ആർക്കും 270 എലക്ടറൽ വോട്ടുകൾ ലഭിച്ചില്ലെങ്കിൽ ?

ഇത്തരം സാഹചര്യങ്ങളിൽ ഹൗസ് ഓഫ് റെപ്രസെന്റെറ്റീവ്‌സ് ആണ് തീരുമാനമെടുക്കുക. മുൻനിരയിൽ നിൽക്കുന്ന മൂന്ന് സ്ഥാനാർത്ഥികളിൽ നിന്ന് ഒരാളെ ഇവർ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കും. ഒപ്പം സെനറ്റ് വോട്ടിംഗിലൂടെ തന്നെ വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും. 1824 ൽ സമാന സംഭവം നടന്നിട്ടുണ്ട്. അന്നത്തെ തെരഞ്ഞെടുപ്പിൽ ആർക്കും 270 ന്റെ ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ ഹൗസ് ഓഫ് റെപ്രസെന്റേറ്റിവസ് വോട്ടിംഗിലൂടെ ജോൺ ക്വിൻസി ആഡംസിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

മാസങ്ങൾ നീണ്ടുനിൽക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബറോടെ അവസാനിക്കും. ജനുവരിയിൽ പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

Story Highlights american election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here