ലഡാക്കില്‍ ഇന്ത്യ – ചൈന സേനകള്‍ മുഖാമുഖം; സംഘര്‍ഷമൊഴിവാക്കാന്‍ ആശയ വിനിമയം തുടരുന്നതായി കരസേന

India

ലഡാക്കിലെ റസാംഗ്‌ലായില്‍ ഇന്ത്യ – ചൈന സേനകള്‍ മുഖാമുഖം നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷമൊഴിവാക്കാന്‍ സേനകള്‍ തമ്മില്‍ ആശയ വിനിമയം തുടരുന്നതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് കിഴക്കന്‍ ലഡാക്ക് മേഖലയില്‍ ഇന്ത്യന്‍ സേന പ്രകോപനമുണ്ടാക്കിയെന്നും വെടിവെച്ചെന്നുമുള്ള ആരോപണവുമായി ചൈന രംഗത്ത് എത്തിയത്.

എന്നാല്‍ അതിര്‍ത്തിയില്‍ വെടിയുതിര്‍ത്തിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ചൈനയാണ് പ്രകോപനമുണ്ടാക്കുന്നതെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി. അതിര്‍ത്തിയില്‍ ഗുരുതര സാഹചര്യമെന്നും, സൗത്ത് പാംഗോംഗ് സോ തടാകത്തിന് സമീപം ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചുവെന്നും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വക്താവ് ആരോപിച്ചു.

എന്നാല്‍, ചൈനയുടെ എല്ലാ ആരോപണങ്ങളും ഇന്ത്യ തള്ളി. ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടില്ല. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് ആകാശത്തേക്ക് വെടിവച്ചത്. ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി. ഇന്ത്യന്‍ സൈന്യം ഉത്തരവാദിത്തത്തോടെയും പക്വതയോടെയുമാണ് പെരുമാറിയത്. ചൈന തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും കരസേന അറിയിച്ചു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ ധരിപ്പിച്ചിട്ടുണ്ട്.

Story Highlights india-china border dispute

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top