നടി റിയ ചക്രബര്‍ത്തിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജാമ്യാപേക്ഷ തള്ളിയ മുംബൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി, റിയ ചക്രവര്‍ത്തിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് വിട്ടത്.

മൂന്ന് ദിവസമായി നടന്ന 19 മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് റിയ ചക്രവര്‍ത്തിയുടെ അറസ്റ്റ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. രാത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിക്ക് മുന്നില്‍ ഹാജരാക്കിയപ്പോള്‍ റിയയുടെ അഭിഭാഷകന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കസ്റ്റഡിയുടെ ആവശ്യമില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനും ആവശ്യപ്പെട്ടു.

ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കോടതി ജാമ്യം നിരസിച്ചു. സെപ്റ്റംബര്‍ 22 വരെ റിമാന്‍ഡ് ചെയ്തു. പണം കൊടുത്ത് ലഹരിമരുന്ന് വാങ്ങിയെന്ന് റിയ സമ്മതിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ദൈവം തങ്ങളോടൊപ്പമെന്നായിരുന്നു അറസ്റ്റിനോടുള്ള സുശാന്തിന്റെ കുടുംബത്തിന്റെ പ്രതികരണം. റിയ ചക്രവര്‍ത്തിക്ക് ലഹരിമരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞുവെന്ന് ബിഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ പറഞ്ഞു.

Story Highlights Rhea Chakraborty remanded to 14-day judicial custody

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top