പെരിയ ഇരട്ടക്കൊലക്കേസ്; ഫയലുകൾ സിബിഐക്ക് കൈമാറാതെ ക്രൈംബ്രാഞ്ച്

പെരിയ ഇരട്ടക്കൊലക്കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന് ശേഷവും അന്വേഷണ ഫയലുകൾ സിബിഐക്ക് കൈമാറാതെ ക്രൈംബ്രാഞ്ച്. കേസ് രേഖകൾ നൽകാത്തതിനെതിരെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ നൽകിയ കോടതിയലക്ഷ്യ ഹർജി ഡിവിഷൻ ബെഞ്ചിന് വിട്ടു. വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാസർഗോഡ് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറത്തിറങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടു. ഇതിനകം അന്വേഷണ ഫയലുകൾ ആവശ്യപ്പെട്ട് സിബിഐ പലതവണ ക്രൈംബ്രാഞ്ച് മേധാവിക്കും എസ്പിക്കും കത്ത് നൽകി.

പക്ഷേ, കേസ് രേഖകൾ മാത്രം ഇതുവരെ ലഭിച്ചില്ല. കഴിഞ്ഞ വർഷം സെപ്റ്റംബർ 30നാണ് സിംഗിൾ ബെഞ്ച് കേസന്വേഷണം സിബിഐക്ക് വിട്ടത്. പിന്നാലെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ, കേസ് ഫയലുകൾ ക്രൈംബ്രാഞ്ച് കൈമാറിയില്ല. ഇതോടെ അന്വേഷണ നടപടികൾ നിലച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയതോടെ രേഖകൾ കൈമാറാത്തതിന് സാങ്കേതിക ന്യായം ലഭിച്ചു. മാസങ്ങൾക്ക് ശേഷമാണ് ഡിവിഷൻ ബെഞ്ച് സർക്കാർ അപ്പീലിൽ വിധി പറഞ്ഞത്. എന്നിട്ടും ഫയലുകൾ കൈമാറുന്നതിൽ ഒളിച്ചുകളി തുടരുകയാണ്. സിംഗിൾ ബെഞ്ച് ഉത്തരവിന് പിന്നാലെ കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയാണ് ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. ഹർജി ഡിവിഷൻ ബെഞ്ചിന് വിടണമെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു.

അതേസമയം, കേസ് ഫയൽ ക്രൈംബ്രാഞ്ച് സിബിഐയ്ക്ക് കൈമാറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാസർഗോഡ് എസ്പി ഓഫിസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിന് വഴിവച്ചു.

ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോയില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു.

Story Highlights periya murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top