മുസ്ലിം വിരുദ്ധത ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി വിലക്കിയ ‘യുപിഎസ്‌സി ജിഹാദ്’ സംപ്രേഷണത്തിന് കേന്ദ്രാനുമതി

Sudarshan News UPSC jihad

മുസ്ലിം വിരുദ്ധത ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി വിലക്കിയ ‘യുപിഎസ്‌സി ജിഹാദ്’ എന്ന പരിപാടിയുടെ സംപ്രേഷണത്തിന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതി. ഓഗസ്റ്റ് 28ന് സുദർശൻ ടിവിയിൽ സംപ്രേഷണം ചെയ്യാനിരുന്ന വാർത്താധിഷ്ടിത പരിപാടിയായ ‘ബിന്ദാൽ ബോലി’നാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പച്ചക്കൊടി കാണിച്ചിരിക്കുന്നത്.

നടപടിക്ക് പിന്നാലെ സുദർശൻ ന്യൂസ് തലവൻ സുരേഷ് ചവങ്കെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമർശനം നടത്തിയിരുന്നു. ഇതേ തുടർന്ന് പരിപാടിയുടെ ഉള്ളടക്കത്തെപ്പറ്റി വിശദീകരിക്കാൻ ആവശ്യപ്പെട്ട് മന്ത്രാലയം സുദർശൻ ന്യൂസിന് നോട്ടീസ് നൽകി. 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമങ്ങളുടെ ലംഘനം പരിപാടിയിൽ ഇല്ലെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം ആവശ്യപ്പെട്ടു. പരിപാടിയിൽ നിയമവിരുദ്ധമായയി ഒന്നുമില്ലെന്ന് സുദർശൻ ചാനൽ എഴുതി അറിയിച്ചതായി മന്ത്രാലയം പറയുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രോഗ്രാം കോഡ് ലംഘിച്ചാൽ നിയമനടപടിയെടുക്കുമെന്നും മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

Read Also : പുന:സംപ്രേഷണങ്ങൾ തുണച്ചു; വർഷങ്ങൾക്ക് ശേഷം ദൂരദർശൻ ബാർക് റേറ്റിംഗിൽ ഒന്നാമത്

പരിപാടി ഇന്ന് രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുമെന്ന് സുദർശൻ ടിവി വിശദീകരിച്ചു. ഒരു പരിപാടി സംപ്രേഷണം ചെയ്യുന്നതിനു മുൻപ് അത് വിലക്കാൻ പാടില്ലെന്ന് ടെലിവിഷൻ ചാനൽ പറയുന്നു.

അടുത്തിടെയായി ഐഎഎസ്, ഐപിഎസ് തസ്തികകളിലേക്ക് മുസ്‌ലിം ഓഫീസർമാരുടെ എണ്ണം വർധിച്ചു എന്നും അതിനു കാരണം യുപിഎസ്‌സി ജിഹാദാണെന്നും സുരേഷ് ചവങ്കെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതി പരിപാടി സ്റ്റേ ചെയ്തത്.

മുൻപും വിവാദ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് സുരേഷ് ചവങ്കെ. 2016 നവംബറിൽ ചാനലിലെ മുൻ ജോലിക്കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ചവങ്കയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ കേസ് തെളിഞ്ഞില്ല. 2017 ഏപ്രിലിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കുറ്റത്തിന് ഇയാൾ അറസ്റ്റിലായി. അന്നും ബിന്ദാസ് ബോലിലൂടെയായിരുന്നു വിദ്വേഷ പ്രചാരണം.

Story Highlights Govt allows Sudarshan News ‘UPSC jihad’ to air

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top