പൊലീസിനെതിരെ പ്രധാനമന്ത്രിക്ക് കള്ളപ്പരാതി നൽകി മകൾ; പിന്നാലെ വധശ്രമത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ

couples arrested murder attempt

ഗുണ്ടാ ആക്രമണത്തിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് പ്രധാനമന്ത്രിക്ക് പരാതി നൽകിയ 13കാരിയുടെ മാതാപിതാക്കൾ വധശ്രമക്കേസിൽ അറസ്റ്റിൽ. തിരുവനന്തപുരം ചാക്ക സ്വദേശികളായ സുജിത് കൃഷ്ണയും ഭാര്യ സിതാരയുമാണ് നാടകീയമായി അറസ്റ്റിലായത്. വധശ്രമം മറച്ചുവെക്കാനാണ് ഇവർ മകളെ മുൻനിർത്തി പ്രധാനമന്ത്രിക്ക് വ്യാജ പരാതി അയച്ചതെന്ന് പൊലീസ് പറയുന്നു.

തൻ്റെ കുടുംബത്തെ ചില ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചു എന്നും ഇവരെ പൊലീസ് സംരക്ഷിക്കുന്നു എന്നും ആരോപിച്ചാണ് 13കാരിയായ പെൺകുട്ടി ഒരാഴ്ച മുൻപ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. കുടുംബത്തിനു നീതി ലഭിക്കണമെന്ന് പലരും അഭിപ്രായപ്പെട്ടു. ഇതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിലാണ് പരാതിയടക്കം പലതും ഇവർ കെട്ടിച്ചമച്ച നാടകമാണെന്ന് കണ്ടെത്തിയത്.

Read Also : ഡിആർഐ ഉദ്യോഗസ്ഥർക്ക് നേരെയുള്ള വധശ്രമം; രണ്ട് പേർ കൂടി കസ്റ്റഡിയിൽ

നേരത്തെ തന്നെ സുജിത്ത് കൃഷ്ണക്കെതിരെ ലഭിച്ച പരാതിയിൽ പൊലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഈ പരാതിക്ക് പിന്നിൽ സുജിത്തിന്‍റെ മുൻ ഡ്രൈവറും കൂട്ടാളിയുമായിരുന്ന ശങ്കർ മോഹനാണെന്ന് തെറ്റിദ്ധരിച്ച് ദമ്പതികൾ ഇയാളെ വധിക്കാൻ പദ്ധതിയിട്ടു. ചർച്ചക്കെന്ന വ്യാജേന ശങ്കറിനെ പേട്ട ഗുരുമന്ദിരത്തിന് സമീപം വിളിച്ച് വരുത്തി വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. ഇതിനിടെ ഗുണ്ടാ നിയമ പ്രകാരം ശങ്കർ അറസ്റ്റിലായി. തുടർന്ന് ശങ്കറിൻ്റെ അമ്മ മകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് കമ്മീഷണർക്ക് പരാതി നൽകി. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സുജിത്തിൻ്റെയും സിത്താരയുടെയും രംഗപ്രവേശനം.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ, താൻ ശങ്കറിനെ കൊല്ലാൻ ശ്രമിച്ചുവെന്ന സുജിത്തിൻ്റെ ശബ്ദ സന്ദേശം പൊലീസിന് ലഭിച്ചു. ഇത് നിർണായക തെളിവായി. പിന്നീടായിരുന്നു അറസ്റ്റ്. നേരത്തെയും ദമ്പതികൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. സുജിത്തിനെതിരെ പലിശക്ക് കടം കൊടുക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 17 കേസുകൾ നിലവിലുണ്ട്.

Story Highlights Couples arrested for murder attempt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top