കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് റിമാൻഡ് പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് റിമാൻഡ് പ്രതി രക്ഷപ്പെട്ടു. പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്ത ജയേഷ് എന്ന പ്രതിയാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് ജയേഷിനെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു. പൂജപ്പുര എൽബിഎസ് കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്. ജില്ലാ ജയിൽ അധികൃതരുടെ പരാതിയിൽ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം സംസ്ഥാന പൊലീസ് ആസ്ഥാനത്ത് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്. മൂന്ന് പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. സോഷ്യൽ മീഡിയ സെല്ലിലെ പൊലീസുകാരനും രണ്ട് ഡ്രൈവർമാർക്കുമാണ് കൊവിഡ് പിടിപ്പെട്ടത്. ഇതോടെ പൊലീസ് സോഷ്യൽ മീഡിയ സെൽ ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചു.
Story Highlights – Covid 19