ബാലഭാസ്‌കറിന്റെ മരണം; നുണപരിശോധനയ്ക്ക് സമ്മതം അറിയിച്ച് സാക്ഷികൾ

വയലിനിസ്റ്റ് ബാലഭാസ്‌കറിൻറെ മരണത്തിൽ നുണപരിശോധനയ്ക്ക് തയാറാണെന്ന് സാക്ഷികൾ. സിബിഐയുടെ ആവശ്യത്തിൽ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളടക്കം നാല് പേരാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമ്മതം അറിയിച്ചത്. പ്രാഥമിക മൊഴിയെടുക്കലിന് ശേഷമാണ് നുണപരിശോധനയിലേക്ക് സിബിഐ അന്വേഷണ സംഘം കടന്നത്.
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പംഗങ്ങളുമായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അപകട സമയം ബാലഭാസ്‌കറിന് ഒപ്പമുണ്ടായിരുന്ന അർജ്ജുൻ, കലാഭവൻ സോബി എന്നിവരാണ് കേസിൽ നുണപരിശോധനക്ക് സമ്മതമാണെന്ന് ചീഫ് ജ്യുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്. നാല് പേരെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
Read Also : ബാലഭാസ്‌കറിന്റെ മരണം; സിബിഐ ചെര്‍പ്പുളശേരി പൂന്തോട്ടം ആയൂര്‍വ്വേദ ആശ്രമത്തിലെത്തി മൊഴിയെടുത്തു
കോടതി ഉത്തരവ് പ്രകാരം നാല് പേരും ഇന്ന് നേരിട്ട് ഹാജരായാണ് സമ്മതം അറിയിച്ചത്. ബാലഭാസ്‌കറിന്റെ അപകട മരണത്തിന ്‌ശേഷം പ്രകാശൻ തമ്പിയും,വിഷ്ണു സോമസുന്ദരവും സ്വർണക്കടത്ത് കേസിൽ പ്രതികളായതോടെ ഇരുവർക്കും മരണത്തിൽ പങ്കെന്ന ആരോപണവുമായി ബാലഭാസ്‌കറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. അപകടസമയത്ത് വാഹനമോടിച്ചിരുന്നതായി കരുതുന്ന അർജുൻ പിന്നീട് മൊഴിയിൽ മലക്കം മറിഞ്ഞു.
സംഭവം കൊലപാതകമാണെന്നാണ് അപകടത്തിൻറെ ദൃക്‌സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവൻ സോബി സിബിഐ സംഘത്തിന് മൊഴി നൽകിയത്. ഇക്കാര്യങ്ങൾ മുൻ നിർത്തിയാണ് നാല് പേർക്കും നുണപരിശോധന നടത്താൻ സിബിഐ തീരുമാനിച്ചത്.
സാക്ഷികൾ നിലപാട് അറിയിച്ച സാഹചര്യത്തിൽ കൊച്ചിയിലോ തിരുവനന്തപുരത്തോ വച്ച് നുണ പരിശോധന നടത്താനാണ് സിബിഐ തീരുമാനം. ഡൽഹി, ചൈന്നൈ എന്നിവിടങ്ങളിലെ ഫോറൻസിക് ലാബുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘമായിരിക്കും പരിശോധന നടത്തുക. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ മറ്റു സുഹൃത്തുക്കളുടെ മൊഴി ശേഖരിക്കാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.
Story Highlights – balabhaskar death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here