ബാലഭാസ്‌കറിന്റെ മരണം; സ്റ്റീഫൻ ദേവസിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അടുത്ത സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ ഹാജരായാണ് സ്റ്റീഫൻ ദേവസി മൊഴി നൽകിയത്.
മൊഴിയെടുപ്പ് മൂന്നര മണിക്കൂർ നീണ്ടു. അപകടത്തിന് ശേഷം ചികിത്സയിലായിരുന്ന ബാലഭാസ്‌കറിനെ ആശുപത്രിയിലെത്തി കണ്ടതിലും സംസാരിച്ചതിലും അടക്കം ദുരൂഹതയെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്റ്റീഫൻ ദേവസിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും യാത്രകളെ കുറിച്ചും അന്വേഷണം വേണമെന്നും ആവശ്യം ഉയർന്ന പശ്ചാത്തലത്തിലാണ് സിബിഐ മൊഴി രേഖപ്പെടുത്തിയത്.
Read Also : ബാലഭാസ്‌ക്കറിന് ഇന്ന് 41-ാം പിറന്നാൾ; ആശംസകൾ നേർന്ന് സ്റ്റീഫൻ ദേവസിയും ഇഷാനും
കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളടക്കം നാല് പേർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നുണ പരിശോധനക്ക് സമ്മതം അറിയിച്ചിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പംഗങ്ങളുമായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അപകട സമയം ബാലഭാസ്‌കറിന് ഒപ്പമുണ്ടായിരുന്ന അർജുൻ, കലാഭവൻ സോബി എന്നിവരാണ് കേസിൽ നുണപരിശോധനക്ക് സമ്മതമാണെന്ന് ചീഫ് ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചത്. നാല് പേരെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
Story Highlights – stephen devassy, balabhaskar death
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.