കാര്‍ഷിക ബില്‍; നിയമ പോരാട്ടത്തിനൊരുങ്ങി കേരളം

രാജ്യസഭ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ നിയമപോരാട്ടത്തിനൊരുങ്ങി കേരളം. ബില്ലിനെതിരെ സുപ്രിംകോടതിയെ സമീപിക്കാന്‍ ഇന്നത്തെ മന്ത്രിസഭയോഗം തീരുമാനിച്ചേക്കും. ബില്ലില്‍ ഭരണഘടനാ പ്രശ്‌നങ്ങളുണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശവും ലഭിച്ചിട്ടുണ്ട്.
കര്‍ഷക ബില്ലിനെതിരെ രാജ്യത്തിന്റെ പലകോണുകളിലും പ്രതിഷേധം ഉയര്‍ന്ന് വരികയും ഇടത് എംപിമാര്‍ സമരത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടയിലാണ് സംസ്ഥാനം നേരിട്ട് തന്നെ നിയമ പോരാട്ടത്തിനിറങ്ങുന്നത്. കര്‍ഷകരെ ബാധിക്കുന്ന വിഷയത്തില്‍ സംസ്ഥാനത്തിന് എന്ത് തുടര്‍ നടപടി സ്വീകരിക്കാമെന്ന കാര്യത്തില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു.
ഭരണഘടനയുടെ കണ്‍കറന്റ്ലിസ്റ്റിലുള്ള വിഷയമായ കൃഷിയില്‍ നിയമനിര്‍മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്‌നമാണെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. നേരത്തെ കേന്ദ്രം കൊണ്ടു വന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി ആക്ട് കേരളവും ബിഹാറും അടക്കം എട്ട് സംസ്ഥാനങ്ങള്‍ ഇനിയും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ രാജ്യസഭ പാസാക്കിയ ബില്ലുകളെയും നിയമപരമായി ചോദ്യം ചെയ്യാനാകും എന്നാണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ബില്ലിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുത്തേക്കും. പാലാരിവട്ടം പാലം പൊളിച്ചു പണിയണമെന്ന കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യവും മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വന്നേക്കും
Story Highlights – Agriculture Bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here