ലഹരിമരുന്ന് കേസ്; ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെയും നടി രാകുല്‍ പ്രീത് സിംഗിനെയും ചോദ്യം ചെയ്ത് വിട്ടയച്ചു

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെയും നടി രാകുല്‍ പ്രീത് സിംഗിനെയും ചോദ്യം ചെയ്ത് വിട്ടയച്ചു. നടി ദീപിക പദുക്കോണ്‍ അടക്കം മൂന്ന് മുന്‍നിര ബോളിവുഡ് താരങ്ങളെ നാളെ ചോദ്യം ചെയ്യും. ഇതിനിടെ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്കെതിരെ ശിവസേന എംപി സഞ്ജയ് റൗത് രംഗത്തെത്തി.

ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെ ഏഴ് മണിക്കൂറോളമാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണസംഘം ചോദ്യം ചെയ്തത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ ടാലന്റ് മാനേജര്‍ ജയാ സാഹയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ ദീപികയുടെയും മാനേജര്‍ കരിഷ്മ പ്രകാശിന്റെയും പേരുകള്‍ കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളെന്നാണ് ആരോപണം. അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്ക് കരിഷ്മ പ്രകാശ് വ്യക്തത വരുത്തി.

നടി രാകുല്‍ പ്രീത് സിംഗിനെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തു. ലഹരിമരുന്നുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തിയുമായി വാട്‌സാപ്പ് ചാറ്റുകള്‍ നടത്തിയെന്ന് രാകുല്‍ പ്രീത് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കി. ഇതിനിടെ, ബോളിവുഡ് താരങ്ങളെ ഒന്നിന് പിറകേ ഒന്നായി വിളിച്ചുവരുത്തുന്ന നടപടിയില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ വിമര്‍ശിച്ച് ശിവസേന നേതാവ് സഞ്ജയ് റൗത് രംഗത്തെത്തി. ദുഃശീലങ്ങള്‍ ഇല്ലാത്തവര്‍ ഏത് മേഖലയിലാണ് ഉള്ളത്. ചിലര്‍ക്ക് പണത്തിനോടായിരിക്കും ആസക്തി. മറ്റ് ചിലര്‍ക്ക് മറ്റ് കാര്യങ്ങളോടായിരിക്കുമെന്ന് സഞ്ജയ് റൗത് പറഞ്ഞു.

Story Highlights Actor Rakul Preet and Deepika Padukone’s Manager

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top