Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (25-09-2020)

September 25, 2020
Google News 2 minutes Read
todays news headlines

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെൽത്ത് കെയർ സെന്ററിൽവച്ചാണ് അന്ത്യം. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ ഉത്തരവിന് സ്റ്റേ ഇല്ല; സർക്കാർ ആവശ്യം തള്ളി

പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി.

തിരുവല്ലത്ത് കുഞ്ഞിനെ കൊന്നത് കുടുംബ വഴക്കിനെ തുടർന്ന്; കൊലപാതകം മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്ന് പൊലീസ്

തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്നെന്ന് പൊലീസ്. കൊലപാതകം പിതാവ് മുൻകൂട്ടി നിശ്ചയിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന മൊഴി നൽകി ഇയാൾ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു.

സ്വർണക്കടത്ത് : ശിവശങ്കരനിൽ നിന്ന് വ്യക്തത തേടിയത് രണ്ട് കാര്യങ്ങളിൽ; വിശദാംശങ്ങൾ ട്വന്റിഫോറിന്

തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്റെ പക്കൽ നിന്ന് പ്രധാനമായും അന്വേഷണ സംഘം ചോദിച്ചതറിഞ്ഞത് രണ്ട് കാര്യങ്ങളാണ്. ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് ശിവശങ്കരൻ അറിഞ്ഞിരുന്നോ എന്നും സ്വപ്നയുടെയും ശിവശങ്കരന്റെയും കൂടിക്കാഴ്ചകൾക്ക് കളളക്കടത്തുമായി ബന്ധമുണ്ടോ എന്നുമായിരുന്നു അത്.

ജിഎസ്ടി : കേന്ദ്രസർക്കാർ നിയമം ലംഘിച്ചെന്ന് സിഎജി

ജിഎസ്ടിയിൽ കേന്ദ്രസർക്കാർ നിയമം ലംഘിച്ചെന്ന് സിഎജിയുടെ സുപ്രധാന കണ്ടെത്തൽ. സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ട ജിഎസ്ടി കോമ്പൻസേഷൻ ഫണ്ടിലേയ്ക്ക് നികുതി എത്തുന്നത് തടഞ്ഞ് കേന്ദ്രസർക്കാർ തുക വകമാറ്റി ഉപയോഗിച്ചു. 2017-18 , 2018-19 സാമ്പത്തിക വർഷമാണ് സർക്കാർ നിയമം ലംഘിച്ചത്. 24 എക്‌സ്‌ക്ലൂസിവ്.

ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖല: പാക് നീക്കം എതിർക്കുമെന്ന് ഇന്ത്യ

പാക് അധിനിവേശ കശ്മീരിലെ തൽസ്ഥിതിയിൽ മാറ്റം വരുത്താനുള്ള പാകിസ്താൻ നീക്കത്തിനെതിരെ ഇന്ത്യ. പാകിസ്താൻ കൈയേറിയിരിക്കുന്ന ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖല പാകിസ്താന്റെ ഫെഡറൽ വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കം എതിർക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖലയെ അഞ്ചാം പ്രവിശ്യ ആക്കാനുള്ള പാകിസ്താൻ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയുടെ എതിർപ്പ് മറികടന്ന് ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖലയിൽ നവംബറിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം.

Story Highlights todays news headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here