എന്താണ് ബാബറി മസ്ജിദ് കേസ് ? കേസിന്റെ നാൾവഴികൾ [24 Explainer]

babri masjid case history

ബാബറി മസ്ജിദ് തകർത്ത കേസിൽ നിർണായക വിധി പുറത്തുവന്നു. ലക്‌നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളിമനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ്, വിനയ് കട്ടിയാർ, സാക്ഷി മഹാരാജ് തുടങ്ങിവർ പ്രതികളായ കേസിലാണ് നീണ്ട 27 വർഷത്തിന് ശേഷം കോടതി വിധി പുറപ്പെടുവിച്ചത്. കേസിന്റെ നാൾവഴിയിലൂടെ…

1992 ഡിസംബർ ആറ് ..അന്നാണ് ഇന്ത്യൻ മതേതരത്വത്തിന് തീരാകളങ്കമായി അയോധ്യയിലെ ബാബരി മസ്ജിദ് കർസേവകർ തകർത്തത്. തുടർന്ന് രാജ്യത്താകമാനമുണ്ടായ സംഘർഷങ്ങളിൽ രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടു.

നിലവിൽ 32 പ്രതികളാണ് കേസിൽ ഉള്ളത്. അന്നത്തെ പ്രധാന ബിജെപി നേതാക്കളായിരുന്ന മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനി, മുൻ കേന്ദ്ര മന്ത്രിമാരായ മുരളി മനോഹർ ജോഷി, ഉമാഭാരതി, അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗ്, വിനയ് കട്ടിയാർ, സാക്ഷി മഹാരാജ് എന്നിവരടക്കം 32 പേരാണ് പ്രതികൾ.

Read Also : ബാബറി മസ്ജിദ് കേസ് : എല്ലാ പ്രതികളേയും വെറുതെ വിട്ടു

1990 സെപ്തംബർ 25ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിൽ നിന്ന് എൽ കെ അദ്വാനി ആരംഭിച്ച രഥയാത്രയാണ് ഒടുക്കം മസ്ജിദിന്റെ തകർക്കലിലേക്ക് നയിച്ചത്. കർസേവകർക്കെതിരെ നടപടി എടുക്കുന്നതിൽ നിന്നും അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗ് പൊലീസിനെ വിലക്കിയെന്നാണ് ആരോപണം.

1993 ഒക്ടോബർ അഞ്ചിനാണ് കേസിൽ സിബിഐ ആദ്യത്തെ കുറ്റപത്രം സമർപ്പിച്ചത്. 49 പേരാണ് പ്രതിപട്ടികയിലുണ്ടായിരുന്നത്. അതിൽ 17 പേർ മരിച്ചു. 600 രേഖകൾ തെളിവായി സമർപ്പിച്ച കേസിൽ 351 സാക്ഷികളെ വിസ്തരിച്ചു.

എൽ കെ അദ്വാനി അടക്കമുള്ളവർക്കുമെതിരായ ഗൂഢാലോചന കുറ്റം വിചാരണ കോടതി 2001 ൽ ഒഴിവാക്കിയത്, 2010ൽ അലഹാബാദ് ഹൈക്കോടതി ശരിവെച്ചെങ്കിലും, 2017ൽ സുപ്രീം കോടതി പുനഃസ്ഥാപിച്ചത് കേസിന്റെ നാൾവഴിയിലെ പ്രധാന വഴിത്തിരിവാണ്. റായ്ബറേലി കോടതി പരിഗണിച്ചിരുന്ന ഗൂഢാലോചനക്കേസ്, മസ്ജിദ് കേസിനൊപ്പം ചേർത്ത് ലക്‌നൗ സിബിഐ കോടതിയിലേക്ക് മാറ്റിയതും 2017 ഏപ്രിൽ 19ന് സുപ്രിംകോടതിയാണ്. ബാബരി മസ്ജിദ് പൊളിച്ചത് നിയമവാഴ്ചയുടെ കടുത്ത ലംഘനമാണെന്നാണ് കഴിഞ്ഞ വർഷം അയോധ്യ ഭൂമി തർക്കകേസിൽ അന്തിമ വിധി പറയുന്നതിനിടയിൽ സുപ്രിംകോടതി പറഞ്ഞത്.

വിചാരണ പൂർത്തിയാക്കി വിധി പറയാൻ പലതവണ സുപ്രിംകോടതിയോട് സമയം നീട്ടിവാങ്ങിയ സിബിഐ സ്‌പെഷൽ ജഡ്ജി സുരേന്ദ്രകുമാർ യാദവിന്റെ വിധി പ്രസ്താവനത്തിനായി രാജ്യം കാതോർത്തിരിക്കുകയാണ്.

Story Highlights babri masjid case history

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top