Advertisement

പുതിയ തൊഴിൽനിയമ കോഡുകൾ തൊഴിലാളി വിരുദ്ധമോ.. ?

October 1, 2020
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

..

എം.പി ജോസഫ്


മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ
മുൻ യുഎൻ ഇന്റർനാഷണൽ സിവിൽ സെർവന്റ് , ഐഎൽഒ

ഇന്ത്യയിൽ 1923 മുതൽ ഉണ്ടാക്കപ്പെട്ട അസംഖ്യം തൊഴിൽനിയമങ്ങളെ ക്രോഡീകരിച്ച് നാല് സംഹിതകൾ അഥവാ കോഡുകൾ ആക്കി പരിഷ്ക്കരിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടി സ്വാഗതാർഹമാണ്. കേരളത്തിന്റെ ലേബർ കമ്മീഷണറായിരിക്കെ തൊഴിൽ നിയമബാഹുല്യം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരിൽ കണ്ട ഒരു വ്യക്തി എന്നനിലയ്ക്ക് ഇതു വളരെ സ്വാഗതാർഹം ആണ് എന്ന് പറയാതെവയ്യ.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുൻപുണ്ടാക്കിയ ട്രേഡ് യൂണിയൻ ആക്ട്, ഇൻഡസ്ട്രിയൽ റിലേഷൻസ് ആക്ട് എന്നിവ ഉൾപ്പടെ മൂന്ന് ആക്ടുകൾ ക്രോഡീകരിച്ച് തയാറാക്കിയതാണ് ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് 2020. സ്വാതന്ത്ര്യാനന്തരമുള്ള 13 നിയമങ്ങൾ ക്രോഡീകരിച്ചതാണ് ഒക്കുപ്പേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കൺഡീഷൻസ് അഥവാ ഒ എസ്.എച്ച് കോഡ് 2020. തൊഴിൽസുരക്ഷ സംബന്ധിച്ച 1923 മുതലുള്ള ഒൻപതു നിയമങ്ങൾ ക്രോഡീകരിച്ചതാണ് കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി 2020. ഇവയാണ് മൂന്ന് കോഡുകൾ. ഈ ചുരുക്കൽ നല്ലതുതന്നെ.
എന്നാൽ, 2019 ൽ സമാനമായാരു നിയമനിർമാണത്തിനു ശ്രമമുണ്ടായപ്പോൾ നിരവധി എതിർപ്പുകളുണ്ടായി. അവ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന പല നല്ല അഭിപ്രായങ്ങളും പുതിയ കോഡുകളിൽ കാണുവാൻ ഇല്ല. ഇതു കോഡുകളുടെ പ്രായോഗികതയെ ദുര്ബലപ്പെടുത്തും.
അതുപോലെതന്നെ കോഡുകളുടെ വിശദാംശങ്ങളിലേക്കു കടന്നാൽ, തൊഴിലാളിയെ ദുർബലപ്പെടുത്തുന്ന വകുപ്പുകളാണ് കാണുന്നത്. തൊഴിലാളി ദുർബലനായാൽ തൊഴിൽ സ്ഥാപനവും അതുവഴി തൊഴിൽ മേഖലയെ ദുർബലമാക്കും. രാജ്യത്തിൻറെതന്നെ സമ്പദ്വവസ്ഥയും ദുർബലമാകും. കരുത്തുള്ള ഒരു ബിസിനസ്സ് അന്തരീക്ഷം വേണമെങ്കിൽ ശക്തിയും ഉത്തരവാദിത്തബോധവുമുള്ള തൊഴിലാളികളും തൊഴിൽ സംഘടനകളും ആവശ്യമാണ്.

മേയ്ക്ക് ഇൻ ഇന്ത്യയെന്നും ഇപ്പോൾ ആത്മനിർഭർ ഭാരത് എന്നുമൊക്കെയുള്ള മുദ്രാവാക്യങ്ങളെ ഇവ അപ്രസക്തമാക്കും. കാരണം, അത്യന്തികമായി ഇവ ഇന്ത്യൻ ബിസിനസ്സുകളെ ദുർബലപ്പെടുത്തുകയും വിദേശ മൂലധനത്തിന് ചെമപ്പു പരവതാനി വിരിക്കുകയുമായും ചെയ്യുക.

കുടിയേറ്റത്തൊഴിലാളികൾ / അതിഥിത്തൊഴിലാളികൾ

ഇന്ന്, വൻനഗരങ്ങളിലും ഗ്രാമാന്തരങ്ങളിൽപ്പോലും അനിവാര്യരായിത്തീർന്നിരിക്കുന്ന കുടിയേറ്റ ത്തൊഴിലാളികളെപ്പറ്റി പുതിയ ഇ കോഡുകളിൽ അധികം ഒന്നും പറയുന്നില്ല എന്നതാണ് മറ്റൊരു ന്യൂന്നത. ദില്ലി, മുംബൈ, ബംഗളുരു, കൊച്ചി തുടങ്ങിയ ഇടങ്ങളിൽ ഇവരില്ലെങ്കിൽ ചെറുകിട, വൻകിട ബിസിനസ്സുകളും വ്യവസായങ്ങളും പദ്ധതികളുമെല്ലാം മുടങ്ങും എന്നതാണ് അവസ്ഥ. വാസ്തവത്തിൽ, ഇന്ത്യൻ സമ്പദ്വവസ്ഥയുടെതന്നെ ഉരുക്കു ചട്ടക്കൂടായി മാറിക്കഴിഞ്ഞ ഇവരെ സംരക്ഷിക്കാൻ കണിശമായ വ്യവസ്ഥകൾ പുതിയ കോഡുകളിൽ ഉണ്ടായേതീരൂ.

സ്ത്രീത്തൊഴിലാളികൾ

സ്ത്രീ തൊഴിലാളികളോട് ഒട്ടും നീതി പുലർത്താത്തവയാണ് മൂന്നു കോഡുകളും എന്നകാര്യം എടുത്തുപറഞ്ഞേതീരൂ. ജനസംഖ്യയിൽ പാതിവരുന്ന സ്ത്രീകൾക്ക് തൊഴിൽ മേഖലകളിലും സമാനപ്രാതിനിധ്യം ഉറപ്പാക്കുക എന്നത് ആധുനിക കാലഘട്ടത്തിൽ അനിവാര്യമാണ്. പക്ഷേ, ദുഃഖകരമെന്നു പറയട്ടെ, കോഡുകൾ മുഴുവനുമെടുത്താലും സ്ത്രീ തൊഴിലാളികൾക്കുള്ള പ്രതേക ക്ഷേമ പദ്ധതികൾ അധികം ഒന്നും ഇല്ല. സ്ത്രീ പ്രാതിനിധ്യം കൂട്ടാനുള്ള വ്യവസ്ഥകൾ തീരെ വിരളം.

വ്യവസായബന്ധ കോഡ്

ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് 2020 എടുത്തുനോക്കിയാൽ, കുറച്ചു തൊഴിലാളികൾ ഒന്നിച്ചെടുക്കുന്ന കാഷ്വൽ ലീവിനെ, അത് യാദൃശ്ചികമാണോ സംഘടിതമാണോ എന്നു പരിഗണിക്കാതെ സമരമായി കണക്കാക്കുന്ന ഒരു വ്യവസ്ഥ ഇതിൽ ഉണ്ട്. അത് കൃത്യമായി നിർവചിച്ചില്ലെങ്കിൽ വലിയ അപകടമാകും ചെയ്യുക. ഈ വ്യവസ്ഥ ഒഴിവാക്കിയേതീരൂ.

തൊഴിൽ തർക്കപരിഹാരത്തിനുള്ള നെഗോഷ്യേഷൻ കൗൺസിലിലെ യൂണിയനുകളുടെ അംഗത്വം സംബന്ധിച്ച വ്യവസ്ഥ വലിയ ദോഷം ചെയ്യും. തൊഴിലാളികളിൽ 20 ശതമാനം പ്രാതിനിധ്യമെങ്കിലും ഉണ്ടെങ്കിലേ കൗൺസിൽ അംഗത്വം ലഭിക്കൂ. എന്നാൽ, 20 ശദമാനത്തിൽ താഴെയുള്ള ആറോ ഏഴോ യൂണിയനുകളുണ്ടെങ്കിൽ ആർക്കും പ്രാതിനിധ്യം ഉണ്ടാവില്ല. ഇതു ദോഷം ചെയ്യും.

തൊഴിൽ ട്രിബ്യൂണലുകളിൽ ഇന്ന് ഒരൊറ്റ ജുഡീഷ്യൽ അംഗം എന്നവ്യവസ്ഥ മാറ്റിയത് നല്ലതാണ്. പക്ഷേ, ഒരു അഡ്മിനിസ്ട്രേറ്റീവ് അംഗത്തെ കൂട്ടിച്ചേർത്ത് രണ്ട് ആക്കിയത് പ്രതിസന്ധിയുണ്ടാക്കും. ഒരു വിഷയത്തിൽ വിയോജിപ്പുണ്ടായാൽ അന്തിമമായി ഭൂരിപക്ഷ തീരുമാനം ലഭിക്കാൻവേണ്ടി ഒരു സ്വതന്ത്ര അംഗത്തെ കൂട്ടിച്ചേർത്ത് മൂന്നുപേർ എന്നാക്കണം.

തൊഴിലാളിയെ പിരിച്ചുവിടേണ്ടിവന്നാൽ 15 ദിവസത്തെ വേതനം തൊഴിലുടമ നൽകണമെന്ന വ്യവസ്ഥ നല്ലതാണ്. പക്ഷേ, ഇതിന് 45 ദിവസത്തെ കാലാവധി വെച്ചത് ശരിയായില്ല. തൊഴിൽ നഷ്ടപ്പെട്ടയാൾക്ക് ഉണ്ടാകാവുന്ന മാനസികവും സാമ്പത്തികവുമായ ആഘാതത്തെ കൂട്ടാനേ ഇത് ഇവരുത്തുകയുള്ളൂ. ആകയാൽ, സമയപരിധി പത്തോ പതിനഞ്ചോ ദിവസമായി കുറയ്ക്കണം.
ഒ.എസ്.എച്ച് കോഡ് ഈ കോഡിൽ ഏറ്റവും വിചിത്രമായിട്ടുള്ളത് കോവിഡ് പോലുള്ള മഹാമാരികളുടെ സമയത്ത് പൊതുസുരക്ഷ, ആരോഗ്യം എന്നിവ നിയന്ത്രിക്കാൻ നൽകുന്ന അമിതമായ അധികാരമാണ്. കാരണം, തൊഴിൽനിയമത്തിനകത്ത് എല്ലാ പൗരൻമാരെയും ഉൾപ്പെടുത്തുന്നത് തെറ്റാണ്. ഒരു തൊഴിൽ നിയമത്തിലൂടെ തൊഴിലാളികളല്ലാത്ത കുട്ടികളെയും വൃദ്ധരെയും മറ്റും നിയന്ത്രിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇതു കോടതികളിൽ ചോദ്യംചെയ്യാം. ലേബർ കോഡിലൂടെ ഒരു പൊതുനിയമം കൊണ്ടുവരുന്നത് തെറ്റ്.

സ്ത്രീകളുടെ ജോലിസമയം വൈകിട്ട് ഏഴു മണി മുതൽ പുലർച്ചെ ആറുവരെയും – അവരുടെ സമ്മതത്തോടെ മാത്രം – ആകാം എന്ന ഒ എസ് എച്ച് കോഡിലെ വ്യവസ്ഥ പുരോഗമനപരമാണ്. പക്ഷേ, സ്ത്രീകൾക്കെതിരെയുള്ള കടുത്ത അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതോടൊപ്പം ചിലവ്യവസ്ഥകൾ അനിവാര്യമാണ്. അവരുടെ താമസസ്ഥലത്തേക്കും തിരിച്ച് ജോലിസ്ഥലത്തേക്കുമുള്ള സുരക്ഷിതയാത്ര തൊഴിലുടമയുടെ ഉത്തരവാദിത്തം ആയിരിക്കണം.

പ്രസവകാലംപോലെ ചില കാലയളവുകളിൽ സ്ത്രീത്തൊഴിലാളികളെ ജോലിയിൽനിന്ന് മാറ്റിനിറുത്താൻ വ്യവസ്ഥയുണ്ട്. പക്ഷേ, ആ കാലയളവുകളിൽ പൂർണശമ്പളം കൊടുക്കാനുള്ള വ്യവസ്ഥ ഇല്ല. ഇത് നിർഭാഗ്യമെന്നു പറയണം.

സാമൂഹ്യ സുരക്ഷാ കോഡ് എല്ലാ തൊഴിലാളികൾക്കും ബാധകമാകേണ്ടതാണ് സാമൂഹ്യസുരക്ഷാ കോഡ്. സംഘടിതമേഖല, അസംഘടിതമേഖല, മറ്റു മേഖലകൾ എന്നിവയ്ക്ക് ഇതു ബാധകമാണ്. എന്നാൽ പാർലിമെന്റിൽ നൽകിയ ഉദ്ദേശ്യങ്ങളുടെയും കാരണങ്ങളുടെയും പ്രസ്താവന യിൽ ഇംഗ്ലീഷിൽ either സംഘടിതമേഖല, or അസംഘടിതമേഖല or മറ്റു മേഖലകളിൽ ബാധകമാകും എന്ന് ചേർത്തിരിക്കുന്നത് വിചിത്രമാണ് അങിനെ എഴുതി ചേർക്കുമ്പോൾ ഒരു കൂട്ടർക്ക് മാത്രം എന്നാകും. ഇതു മന:പൂർവമാണെങ്കിൽ സമൂഹ സുരക്ഷ പരിമിതപ്പെടുത്താനുള്ള നിഗൂഢനീക്കമായി കാണേണ്ടിവരും. ലോകമെമ്പാടും സമൂഹ സുരക്ഷ കൂടുതൽ വിപുലമാക്കുന്ന ഈ കാലയളവിൽ ഇന്ത്യയിൽ അതു ചുരുക്കാൻ ശ്രമിക്കുന്നത് നല്ലതല്ല. അതിനാൽ ഈ വ്യവസ്ഥ മാറ്റണം. (Either / or നുപകരം wheather they be in the organized sector or in the unorganized sector or other sectors എന്നാക്കണം.)

അതുപോലെ, പലസ്ഥാപനങ്ങളിലായി സേവനവും അധ്വാനവും വിഭജിച്ചു നൽകുന്ന ആധുനികകാലത്തെ ‘ഗിഗ്, പ്ലാറ്റ്ഫോം’ ജീവനക്കാരെയും പ്രൊവിഡൻ്റ് ഫൺഡ് ആനുകൂല്യങ്ങൾക്ക് അർഹരാക്കണം. ഇത്തരം തൊഴിലാളികളുടെ എണ്ണം വർധിച്ചുവരാനാണ് സാധ്യത.

പറയത്തക്ക സാമൂഹ്യസുരക്ഷാ പദ്ധതികൾ ഇല്ലാത്ത ഇന്ത്യയിൽ, ഉള്ളവതന്നെ ചുരുക്കുന്ന സമീപനം ശരിയല്ല. ഒരു രാജ്യം, ഒരു പെൻഷൻ തുടങ്ങിയ മുദ്രാവാക്യങ്ങൾക്ക് ശക്തി കിട്ടുന്നത് ഇത്തരം സാഹചര്യത്തിലാണ്. ആകയാൽ, കാലം ആവശ്യപ്പെടുന്ന തൊഴിൽ നിയമക്രോഡീകരണം ന്യൂനതകൾ ഇല്ലാത്തതാക്കാൻ അടിയന്തിരമായ നടപടി ആവശ്യമാണ്.

Story Highlights Labour code

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement