‘അനുഭവങ്ങളുടെ ഒരു മഴയും പെയ്തു തീരുന്നില്ല, ഒരു ഓർമ്മയും അവസാനിക്കുന്നില്ല’

സാഹിത്യനിരൂപകനും പ്രഭാഷകനുമായിരുന്ന എം എൻ വിജയന്റെ ചരമവാർഷിക ദിനമാണ് ഇന്ന്. നിരൂപണ സാഹിത്യത്തിലെ സർഗാത്മക സാന്നിധ്യമായിരുന്ന എം. എൻ വിജയൻ ഒരു തലമുറയെ ആകെ സ്വാധീനിച്ചു.

ചിന്തയുടെ അഗ്നിബാധയിൽ ആത്മനാശത്തിന്റെ അംശമുണ്ട്. പക്ഷേ അതിന്റെ അർത്ഥം നിങ്ങൾ മറ്റുള്ളവരിൽ പടരുകയാണെന്നോ സ്വയം ഇല്ലാതായി തീർന്നിട്ട് മറ്റുള്ളവരിൽ ജീവിക്കുന്നു എന്നോ ആണ്. ചിന്തകളുടെ കൊടുങ്കാറ്റ് ഒഴിയാത്ത വാക്കുകളായിരുന്നു എം. എൻ വിജയൻ എന്ന പ്രഭാഷകനെ, നിരൂപകനെ, ഭാഷാ അധ്യാപകനെ ഇടത് ചിന്തകനെ വ്യത്യസ്തനാക്കുന്നത്.

കേസരി. എ. ബാലകൃഷ്ണപിള്ളയുടെ നിരൂപണാദർശം അദ്ദേഹത്തിന്റെ കാലശേഷം സമർത്ഥവും സർഗാത്മകവുമായി പിന്തുടർന്ന നിരൂപകനായിരുന്നു എം.എൻ. വിജയൻ. കാവ്യ വിശകലനത്തിനും ജീവിത വ്യാഖ്യാനത്തിനും മനഃശാസ്ത്രത്തെ മാത്രം ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ഏക വിമർശകനും എം.എൻ. വിജയനാണ്. ഏറ്റവും സാധാരണക്കാരായ ആളുകൾ മാത്രം പങ്കെടുക്കുന്ന തെരുവോരസമ്മേളനങ്ങളിൽ പോലും അവർക്ക് അൽപം പോലും അലോസരം തോന്നാതെ ഫ്രോയിഡിനെയും റെയ്ക്കിനെയുമെല്ലാം ഉദ്ധരിക്കാൻ എം. എൻ വിജയന് കഴിഞ്ഞു.

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സഹയാത്രികൻ. കേരളം എമ്പാടുമുള്ള ഇടതുപക്ഷ സാംസ്‌കാരിക വേദികളിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു എം. എൻ വിജയൻ. കാളിദാസൻ, വൈലോപ്പിളളി, കുമാരനാശാൻ, ജി ശങ്കരകുറുപ്പ്, ചങ്ങമ്പുഴ, ബഷീർ എന്നിവരെയാണ് പ്രധാനമായും പഠനവിധേയമാക്കിയത്. മനുഷ്യർ പാർക്കുന്ന ലോകങ്ങൾ, മരുഭൂമികൾ പൂക്കുമ്പോൾ, ചിതയിലെ വെളിച്ചം തുടങ്ങി നിരവധി കൃതികൾ.

‘പാഠം മുന്നോട്ട് വച്ച ഭാഷയെയാണ് എല്ലാവരും വിമർശിച്ചത്. ഭാഷാ ചർച്ചയിലാണ് നമ്മുടെ രാഷ്ട്രീയ ചർച്ച. കേൾക്കണമെങ്കിൽ ഈ ഭാഷ വേണം’. ഇതായിരുന്നു അദ്ദേഹം തന്റെ പ്രസംഗ സമയത്ത് അവസാനമായി പറഞ്ഞ വാചകങ്ങൾ. വേദിയിൽ കുഴഞ്ഞുവീണ അദ്ദേഹം ഏറെ വൈകാതെ വാക്കുകളുടെ ലോകത്തുനിന്ന് യാത്രയായി.

കടന്നുവന്ന വഴികളെ കുറിച്ച് എം എൻ വിജയൻ ഒരിക്കൽ എഴുതി, ‘അനുഭവങ്ങളുടെ ഒരു മഴയും പെയ്തു തീരുന്നില്ല എന്ന് എനിക്ക് മനസിലാകും, ഒരു ഓർമ്മയും അവസാനിക്കുന്നില്ല’ അതെ, മരണമില്ലാത്ത എത്രയോ ഓർമകൾ.

Story Highlights M N Vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top