Advertisement

കാൻസർ രോഗികൾക്ക് സൗജന്യമായി പച്ചക്കറി നൽകി കടയുടമ; ഇത് നന്മയുടെ മറ്റൊരു മുഖം

October 4, 2020
Google News 1 minute Read
man who feeds cancer patient free

വിശക്കുന്നവന് അന്നം നൽകുന്നതിനേക്കാൾ വലിയ പുണ്യമില്ല. അത്തരമൊരു മഹത്പ്രവർത്തിയാണ് ആലുവ സ്വദേശിയായ ജെഫി സേവ്യർ ചെയ്യുന്നത്. കാൻസർ ബാധിതരായ നിർധനർക്ക് തന്റെ പച്ചക്കറി കടയിൽ നിന്ന് സൗജന്യമായി പച്ചക്കറികൾ നൽകുകയാണ് ജെഫി.

ആറ് വർഷത്തോളമായി നിരവധി പേർക്ക് ജെഫി ഇത്തരത്തിൽ പച്ചക്കറികൾ നൽകുന്നുണ്ട്. ഭക്ഷണരൂപത്തിൽ മാത്രമല്ല പണമായുമെല്ലാം തന്നാൽ കഴിയുന്ന വിധം സഹജീവകളെ ചേർത്തുപിടിക്കുകയാണ് ജെഫി. ഇത്തരമൊരു ഉദ്യമത്തിലേക്ക് ജെഫി എത്തിയതിന് പിന്നിൽ കണ്ണുനനയിക്കുന്ന ഒരു കഥയുണ്ട്.

ജെഫിയുടെ ജീവിതം മാറ്റി മറിച്ച ദിവസം….

ഏഴ് വർഷങ്ങൾക്ക് മുമ്പാണ് ജെഫി ആലുവയിൽ പച്ചക്കറി കട ആരംഭിക്കുന്നത്. പതിവ് പോലെ കടപൂട്ടിയറങ്ങുമ്പോഴാണ് ജെഫിയുടെ ഉള്ളുലയ്ക്കുന്ന ഒരു കാഴ്ച അദ്ദേഹം കാണുന്നത്. ഉപയോഗശൂന്യമായ പച്ചക്കറിക്കൂനയിൽ തെരയുന്ന ഒരു മനുഷ്യന്റെ കാഴ്ച. ജെഫി ഈ വ്യക്തിയുടെ അടുത്തെത്തി കാര്യം തിരക്കി. തന്റെ ഭാര്യയ്ക്ക് കാൻസറാണെന്നും, ഭക്ഷണസാധനങ്ങൾ വാങ്ങാൻ പണമില്ലാത്തതുകൊണ്ടാണ് ഉപയോഗിക്കാൻ പറ്റിയ പച്ചക്കറികൾ ഇക്കൂട്ടിത്തിലുണ്ടോ എന്നറിയാൻ തെരഞ്ഞുനോക്കിയതെന്നും ഇയാൾ ജെഫിയോട് പറഞ്ഞു. അതിൽ പിന്നെയാണ് നിർധനരായ കാൻസർ രോഗികൾക്ക് സൗജന്യമായി പച്ചക്കറി നൽകാൻ ജെഫി തീരുമാനിക്കുന്നത്.

ആറ് വർഷത്തെ സേവന ജീവിതം….

ഇപ്പോൾ ആറ് വർഷത്തിലേറെയായി ജെഫി ഇത്തരത്തിൽ പച്ചക്കറികൾ നൽകുന്നുണ്ട്. ആലുവ പുളിഞ്ചോട്, അത്താണി, നെടുമ്പാശേരി എന്നിവിടങ്ങൡലാണ് ജെഫിക്ക് കടയുള്ളത്. എറണാകുളം കത്രക്കടവിലും ജെഫിക്ക് കടയുണ്ട്. ആലുവയിൽ നിന്ന് മാത്രം 17 കാൻസർ രോഗികളുടെ കുടുംബത്തിനാണ് ജെഫി പച്ചക്കറികൾ നൽകുന്നത്. ഇതിന് പുറമെ മറ്റ് ഔട്ട്‌ലെറ്റുകളിൽ നിന്നും സമാന രീതിയിൽ പച്ചക്കറികൾ നൽകുന്നുണ്ട്.

man who feeds cancer patient free

ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാല് മണി വരെയാണ് കാൻസർ ബാധിതർക്കായി അനുവദിച്ചിരിക്കുന്ന സമയം. എന്നാൽ ചിലരെങ്കിലും ഈ സൗജന്യം ദുരുപയോഗം ചെയ്യപ്പെടാറുണ്ടെന്ന് ജെഫി ട്വന്റിഫോർ ന്യൂസ്.കോമിനോട് പറഞ്ഞു. അതുകൊണ്ട് തന്നെ കടയിൽ ഈ ആവശ്യവുമായി വരുന്നവർ ചികിത്സാ രേഖ കാണിക്കണം. ഇവരുടെ പേരും ഫോൺ നമ്പറും കടയിൽ രേഖപ്പെടുത്തി വയ്ക്കും.

ആലുവയിലെ മാധവപുരം കോളനിയിലുള്ള 350 ഓളം കുടുംബംഗങ്ങൾക്ക് ലോക്ക്ഡൗൺ കാലയളവിൽ മൂന്ന് മാസത്തോളം സൗജന്യമായി പച്ചക്കറികൾ എത്തിച്ചു നൽകിയിരുന്നു ജെഫി. ഇതിന് പുറമെ പണമായും, മറ്റു വസ്തുക്കളായുമെല്ലാം ജെഫി സഹായം നൽകാറുണ്ട്.

അമ്മയും, ഭാര്യയും, ഏഴാം ക്ലാസുകാരനായ കുടുംബവും അടങ്ങുന്നതാണ് ജെഫിയുടെ കുടുംബം.

Story Highlights man who feeds cancer patient free

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here