കീറ്റോ ഡയറ്റ് വൃക്കകളെ തകരാറിലാക്കുമോ?

keto diet

ഈയിടെ വൃക്കകളുടെ തകരാറിനെ തുടർന്ന് ബംഗാളി നടി മിഷ്ടി മുഖർജി മരിച്ചത് ആളുകളെ ഞെട്ടിച്ചിരുന്നു. നടിയുടെ മരണം കീറ്റോ ഡയറ്റ് പിന്തുടർന്നതിനെ തുടർന്നാണ് എന്നുള്ള ബന്ധുക്കളുടെ ആരോപണമാണ് ആളുകളെ കുഴപ്പിച്ചത്. ഭാരം കുറക്കാന്‍ താത്പര്യപ്പെടുന്നവര്‍ ഏറ്റവും കൂടുതൽ പിന്തുടരുന്ന ഡയറ്റാണ് കീറ്റോ.

ശരീരഭാരം കുറക്കാനായിരുന്നു നടി കീറ്റോ ഡയറ്റ് എടുത്തിരുന്നത്. അതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ വാദം. ‘കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്കകളുടെ പ്രവർത്തനം തകരാറിലായി. അവൾ മരണത്തിന് കീഴടങ്ങിയത് ഒരുപാട് വേദന സഹിച്ചാണ്. ഞങ്ങൾക്കുണ്ടായ നഷ്ടം ആർക്കും നികത്താൻ സാധിക്കില്ല’ എന്നാണ് കുടുംബാംഗങ്ങൾ പുറത്തുവിട്ട വാർത്താകുറിപ്പ്.

മിഷ്ടിയുടെ മരണം കീറ്റോ ഡയറ്റ് പിന്തുടരുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്.

കീറ്റോ ഡയറ്റ്

കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പരമാവധി കുറച്ച് വളരെ അധികം അളവിൽ കൊഴുപ്പും മിതമായ അളവിൽ പ്രോട്ടീനും അടങ്ങിയ കഴിക്കുന്ന ഡയറ്റാണ് കീറ്റോ. കെ ഡി എന്നും അറിയപ്പെടുന്നു. എന്നാൽ കുട്ടികളിൽ അപസ്മാരത്തിന്റെ ലക്ഷണം കുറക്കാനായാണ് പ്രാഥമികമായി ഈ ഡയറ്റ് ഉപയോഗിക്കാറുള്ളതെന്ന് ന്യൂട്രീഷ്യനിസ്റ്റ് ആയ രുചി ശർമ പറയുന്നു. കാർബോഹൈഡ്രേറ്റ് കുറച്ച് പ്രോട്ടീനും ഫാറ്റും അധികമുള്ള ഭക്ഷണം കഴിക്കുന്നത്, വേഗത്തിൽ ഭാരം കുറക്കാൻ താത്പര്യമുള്ളവർക്കിടയിൽ പ്രിയമുള്ളതായി തീരുന്നുണ്ടെന്നും അവർ പറഞ്ഞു.

കീറ്റോയും വൃക്കയും

ഫോർട്ടീസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഫിസീഷ്യനായ ഡോ. പ്രദീപ് ഷാ പറയുന്നത് നടിയുടെ മരണം വളരെ അപൂർവമായ കേസാണെന്നാണ്. മുൻപ് തന്നെ അസുഖമുള്ള ഒരാൾ ഈ ഡയറ്റ് പിന്തുടരുമ്പോൾ ആണ് സാധാരണ ഇങ്ങനെ സംഭവിക്കാറ്. കീറ്റോ ചെയ്യുമ്പോൾ ഒരാൾ വളരെ അധികം അളവിൽ പ്രോട്ടീനും ഫാറ്റും കഴിക്കുന്നു. വളരെ കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റും. ഇത് ഒരാൾ തുടർച്ചയായി ചെയ്താൽ കിഡ്‌നിയെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോക്ടർ പറയുന്നത് കീറ്റോ ആറ് മാസം വരെ തുടർച്ചയായി പിന്തുടരുന്നതിൽ കുഴപ്പമില്ലെന്നാണ്. 1-2 മാസത്തിന്റെ ഇടവേള എങ്കിലും എടുത്തതിന് ശേഷം വേണം പിന്നീട് ഡയറ്റ് തുടരാനെന്നും ഡോക്ടർ പറയുന്നു.

മറ്റ് ഡയറ്റുകൾ

കാർബോഹൈഡ്രേറ്റ് കുറഞ്ഞ അളവിൽ ഉപയോഗിക്കുന്ന ഉള്ള ഡയറ്റുകൾ കൂടുതൽ കാലം തുടരുന്നത് അവയവങ്ങളുടെ പ്രവർത്തങ്ങളെ ബാധിക്കുമെന്ന് ഡോക്ടർ പ്രദീപ് ഷാ. കൂടാതെ സോഫ്റ്റ് ഡ്രിംഗ്‌സും ഹൈലി പ്രോസസ്ഡ് ആയ ഭക്ഷണങ്ങളും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും. ഇവയിൽ ചേർത്ത സോഡിയവും ഫോസ്ഫറസും പോലെയുള്ള പ്രിസർവേറ്റീവുകളും വൃക്കയെ സാരമായി ബാധിക്കുന്നതാണ്.

Read Also : ആരോഗ്യകരമായി വണ്ണം കുറയ്ക്കേണ്ടതെങ്ങനെ?

കൂടാതെ മറ്റ് അസുഖങ്ങൾ, വിഷാംശങ്ങൾ, മരുന്നുകൾ എല്ലാം വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നതാണ്. പ്രമേഹവും അമിത രക്ത സമ്മർദവും മൃദുവായ രക്തക്കുഴലുകളെയും വൃക്കയുടെ കോശങ്ങളെയും ബാധിക്കും. അവസാനം വൃക്കകളുടെ പ്രവർത്തനം നിലക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ പോകാമെന്ന് രുചി ശർമ പറഞ്ഞു.

പ്രോസസ്ഡ് ആയ ചീസും ബട്ടറും പോലെയുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ച് കീറ്റോ ചെയ്യുന്ന ആളുകളുണ്ട്. കൂടുതൽ കാലം ഈ ഡയറ്റ് തുടരുമ്പോൾ ഇത് കൊളസ്‌ട്രോൾ വർധിക്കാനുള്ള സാധ്യത കൂട്ടുന്നു. കൂടാതെ വളരെയധികം പ്രോട്ടീനും വൃക്കയുടെ ജോലിഭാരം കൂട്ടുന്നു. കീറ്റോയിൽ പ്രോട്ടീൻ വർധിപ്പിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തിന് ഓവർ ലോഡ് ആയി മാറുകയാണ് ചെയ്യുന്നതെന്ന് രുചി ശർമ.

വിദഗ്ധരുടെ നിർദേശപ്രകാരമുള്ള ലോ കാർബ് ഡയറ്റുകൾ കീറ്റോയ്ക്ക് പകരം ഉപയോഗിക്കാം. അധികം പ്രോട്ടീൻ ഇല്ലാത്ത ഭക്ഷണ ക്രമങ്ങളാണ് നല്ലത്. അവ ഭാരം കുറക്കുന്നത് ക്രമീകരിക്കാനും സഹായിക്കുന്നു.

ഹൃദയത്തിനും ശരീരത്തിനും ആരോഗ്യപ്രദമായ ഡയറ്റ് ശൈലി സ്വീകരിക്കുന്നതാണ് നല്ലതെന്നാണ് രുചി ശർമയുടെ അഭിപ്രായം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ഫാറ്റ് ഫ്രീയായ പാലുൽപ്പന്നങ്ങൾ, എന്നിവ ഉപയോഗിക്കാം. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക. വിയർപ്പും ശരീരത്തിലെ വിഷാംശത്തെ പുറംതള്ളുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. (കടപ്പാട്: ഇന്ത്യൻ എക്‌സപ്രസ്.കോം)

Story Highlights keto diet, kidney failure

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top