സൂര്യകുമാറിനു ഫിഫ്റ്റി; രാജസ്ഥാന് 194 റൺസ് വിജയലക്ഷ്യം

മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 194 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് മുംബൈ ഇന്ത്യൻസ് മികച്ച സ്കോറിൽ എത്തിയത്. 79 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ രോഹിത് ശർമ്മ 35 റൺസെടുത്തു. രാജസ്ഥാൻ റോയൽസിനായി ശ്രേയാസ് ഗോപാൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
Read Also : ഐപിഎൽ മാച്ച് 20: മുംബൈ ബാറ്റ് ചെയ്യും; രാജസ്ഥാനിൽ കാർത്തിക് ത്യാഗിക്ക് അരങ്ങേറ്റം
ഒന്നാം വിക്കറ്റിൽ രോഹിതും ഡികോക്കും ചേർന്ന് മുംബൈക്ക് മികച്ച തുടക്കമാണ് നൽകിയത്. 49 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ഐപിഎലിൽ അരങ്ങേറിയ അണ്ടർ 19 താരം കാർത്തിക് ത്യാഗിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 23 റൺസെടുത്ത ഡികോക്കിനെ ത്യാഗി ജോസ് ബട്‌ലറുടെ കൈകളിൽ എത്തിച്ചു. രണ്ടാം വിക്കറ്റിൽ രോഹിതിനു പങ്കാളിയായി എത്തിയ സൂര്യകുമാർ യാദവും മികച്ച ഫോമിലായിരുന്നു. 39 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ രോഹിത് വീണു. 23 പന്തുകളിൽ 35 റൺസെടുത്ത രോഹിത് ശ്രേയാസ് ഗോപാലിൻ്റെ പന്തിൽ രാഹുൽ തെവാട്ടിയ പിടികൂടി. തൊട്ടടുത്ത പന്തിൽ തന്നെ കൂറ്റൻ ഷോട്ടിനു ശ്രമിച്ച് ഇഷൻ കിഷനും (0) മടങ്ങി. കിഷനെ സഞ്ജുവാണ് പിടികൂടിയത്. ക്രീസിൽ ഏറെ ബുദ്ധിമുട്ടിയ കൃണാൽ പാണ്ഡ്യയെ ആർച്ചർ മടങ്ങി. 17 പന്തുകൾ നേരിട്ട് 12 റൺസെടുത്ത കൃണാലിനെ ആർച്ചർ ശ്രേയാസ് ഗോപാലിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
Read Also : ഐപിഎൽ മിഡ് സീസൺ ട്രാൻസ്ഫർ; അറിയേണ്ടതെല്ലാം
ഇതിനിടെ സൂര്യകുമാർ യാദവ് സീസണിലെ ആദ്യ ഫിഫ്റ്റി തികച്ചു. 33 പന്തുകളിലാണ് താരം ഫിഫ്റ്റി കുറിച്ചത്. ഹർദ്ദിക് പാണ്ഡ്യക്കൊപ്പം അഞ്ചാം വിക്കറ്റിൽ ചില മികച്ച ഷോട്ടുകൾ കളിച്ച സൂര്യകുമാർ ഫിനിഷറുടെ റോളിലും തിളങ്ങി. 19 പന്തുകൾ നേരിട്ടു എങ്കിലും ടൈമിംഗ് കണ്ടെത്താൻ വിഷമിച്ച ഹർദ്ദിക് പാണ്ഡ്യയുടെ ഇന്നിംഗ്സ് മുംബൈ സ്കോറിനെ ബാധിച്ചു. 30 റൺസാണ് ഹർദ്ദിക്കിൻ്റെ സമ്പാദ്യം. ഹർദ്ദിക്കും 47 പന്തുകളിൽ 11 ബൗണ്ടറിയും രണ്ട് സിക്സറും അടക്കം 79 റൺസെടുത്ത സൂര്യകുമാർ യാദവും പുറത്താവാതെ നിന്നു. സൂര്യകുമാറിൻ്റെ ഏറ്റവും ഉയർന്ന ഐപിഎൽ സ്കോർ ആണ് ഇത്. അഞ്ചാം വിക്കറ്റിൽ സൂര്യകുമാറും ഹർദ്ദിക്കും ചേർന്ന് അപരാജിതമായ 75 റൺസാണ് കൂട്ടിച്ചേർത്തത്.
Story Highlights – Mumbai Indians vs Rajasthan Royals first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here