‘സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി വെള്ളവും വളവും കൊടുക്കുന്നു’; വിമർശിച്ച് സിപിഐ

വെള്ളാപ്പള്ളി നടേശനെതിരെ സിപിഐ മുഖപത്രം. ശ്രീനാരായണ ഗുരു സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയുടെ നിലപാടിനെ വിമർശിച്ചാണ് ജനയുഗം രംഗത്തെത്തിയത്. വെള്ളാപ്പള്ളിയുടെ നിലപാട് നവോത്ഥാന കേരളത്തിന് അപമാനകരമാണെന്ന് ജനയുഗം വിമർശിച്ചു. സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി വെള്ളവും വളവും കൊടുക്കുന്നുവെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി.
‘ശ്രീനാരായണ ഗുരുദർശനം വീണ്ടും വീണ്ടും പഠിക്കേണ്ടതാര്’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാ മതത്തേയും ഒന്നായി കണ്ട് തന്റെ മതദർശനത്തെ ‘ ഏകമതം’ എന്ന് വിശേഷിപ്പിച്ച ശ്രീനാനാരായണ ഗുരുവിന് നവോത്ഥാന കേരളത്തിലുള്ള സ്ഥാനം തർക്കത്തിലേക്ക് വലിച്ചിഴക്കാനുള്ളതല്ലെന്ന് മുഖപ്രസംഗം പറയുന്നു. കേരളത്തെ ഭ്രാന്താലയമായി തിരിച്ചുകൊണ്ടുവരാനുള്ള സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളവും വളവും കൊടുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ ഇടുങ്ങിയ മനസിനെ പുച്ഛിക്കാതിരിക്കാനാകില്ല. ഗുരുവിന്റെ കാഴ്ചപാടുകളെ തീണ്ടപാടകലെയാക്കാനും ഗുരു കരുത്തു പകർന്ന സംഘടിത സംവിധാനത്തെ കുടുംബ സ്വത്തെന്ന പോലെ കൈപ്പിടിയിലാക്കാനും മനസിനെ പരുവപ്പെടുത്തിയത് നവോത്ഥാന കേരളത്തിന് മാനക്കേടാണ്. കേരളത്തെ വീണ്ടും എങ്ങോട്ട് അടുപ്പിക്കാൻ ലക്ഷ്യംവച്ചാണ് വിവാദമെന്ന് മനസിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമില്ലെന്നും ജനയുഗം പറഞ്ഞു.
Story Highlights – Vellappally nadeshan, Janayugam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here