മധുര പ്രതികാരം; വില്ല്യംസണിന്റെ ഒറ്റയാൾ പോരാട്ടവും മറികടന്ന് ചെന്നൈക്ക് 20 റൺസ് ജയം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. 20 റൺസിനാണ് ചെന്നൈ ഹൈദരാബാദിനെ കീഴ്പ്പെടുത്തിയത്. 168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടാനേ സാധിച്ചുള്ളൂ. 57 റൺസെടുത്ത കെയിൻ വില്ല്യംസൺ പൊരുതിയെങ്കിലും മറ്റൊരു ബാറ്റ്സ്മാനും അദ്ദേഹത്തിനു പിന്തുണ നൽകിയില്ല. അവസാന ഓവറുകളിൽ റാഷിദ് ഖാൻ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ചെന്നൈക്കായി ഡ്വെയിൻ ബ്രാവോയും കരൺ ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Read Also : വാട്സണും റായുഡുവും തുണച്ചു; സൺറൈസേഴ്സിന് 168 റൺസ് വിജയലക്ഷ്യം
ഇന്നിംഗ്സിൻ്റെ ഒരു ഘട്ടത്തിൽ പോലും സൺറൈസേഴ്സിന് മേൽക്കൈ ലഭിച്ചതേയില്ല. നാലാം ഓവറിൽ തന്നെ ഡേവിഡ് വാർണർ (9) സാം കറൻ്റെ പന്തിൽ കറനു തന്നെ പിടിനൽകി മടങ്ങി. ബൗണ്ടറിയടിച്ച് തുടങ്ങിയ മനീഷ് പാണ്ഡെ (4) റണ്ണൗട്ടായി. മൂന്നാം വിക്കറ്റിൽ ജോണി ബെയർസ്റ്റോ-കെയിൻ വില്ല്യംസൺ സഖ്യം 32 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ബെയർസ്റ്റോയെ (23) ക്ലീൻ ബൗൾഡാക്കിയ ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നാലാം വിക്കറ്റിൽ വില്ല്യംസണും പ്രിയം ഗാർഗും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, അതിഗംഭീരമായി പന്തെറിഞ്ഞ ചെന്നൈ ബൗളർമാർ സൺറൈസേഴ്സ് ബാറ്റ്സ്മാന്മാർക്ക് മേൽ സമ്മർദ്ദം സൃഷ്ടിച്ചു. 15ആം ഓവറിൽ ഗാർഗ് (16) മടങ്ങി. യുവതാരത്തെ കരൺ ശർമ്മയുടെ പന്തിൽ ജഡേജ പിടികൂടുകയായിരുന്നു.
Read Also : ഐപിഎൽ മാച്ച് 29: ചെന്നൈക്ക് ബാറ്റിംഗ്; ഇരു ടീമുകളിലും മാറ്റങ്ങൾ
വിജയ് ശങ്കർ (12) ബ്രാവോയുടെ പന്തിൽ ജഡേജയുടെ കൈകളിൽ അവസാനിച്ചു. ഇതിനിടെ 36 പന്തുകളിൽ വില്ല്യംസൺ ഫിഫ്റ്റി തികച്ചു. മറുപുറത്ത് പങ്കാളികളെ നഷ്ടമായിക്കൊണ്ടിരുന്ന വില്ല്യംസൺ കൂറ്റൻ ഷോട്ടിനു ശ്രമിച്ച് പുറത്തായി. കരൺ ശർമ്മയുടെ പന്തിൽ ശർദ്ദുൽ താക്കൂർ പിടിച്ച് പുറത്താകുമ്പോൾ 39 പന്തുകളിൽ 57 റൺസായിരുന്നു വില്ല്യംസണിൻ്റെ സമ്പാദ്യം. വില്ല്യംസണിൻ്റെ പുറത്താവലിനു ശേഷം റാഷിദ് ഖാനും ഷഹബാസ് നദീമും ചേർന്ന് ചില കൂറ്റൻ ഷോട്ടുകൾ ഉതിർത്ത് സൺറൈസേഴ്സിന് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ റാഷിദ് ഖാൻ (14) ഹിറ്റ്‌വിക്കറ്റായതോടെ ഹൈദരാബാദ് പൂർണമായും പ്രതീക്ഷ കൈവിട്ടു. അവസാന ഓവറിൽ ഷഹബാസ് നദീമിനെ (5) ബ്രാവോ സ്വന്തം ബൗളിംഗിൽ പിടികൂടി.
Story Highlights – chennai super kings sunrisers hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here