വീടിനും ചുറ്റും പച്ചത്തുരുത്തൊരുക്കി ദമ്പതികള്‍; അഭിനന്ദനവുമായി ഹരിതകേരളം മിഷന്‍

വീടിന് ചുറ്റും വൈവിധ്യമാര്‍ന്ന വൃക്ഷങ്ങള്‍, അപൂര്‍വങ്ങളായ ഔഷധ സസ്യങ്ങള്‍, ഒരുപാട് സസ്യ ഇനങ്ങളുടെ ശേഖരം എല്ലാവരുടെയും ആഗ്രഹമാണ് ഇങ്ങനെയുള്ളൊരു അന്തരീക്ഷം. ഇത്തരത്തില്‍ പ്രകൃതിയോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്നവരാണ് കോഴിക്കോട് ചോറോട് ഗ്രാമപഞ്ചായത്തിലെ രയരോത്ത് സുഭാഷ് ചന്ദ്രബോസ്, ഇന്ദിര ടീച്ചര്‍ ദമ്പതികള്‍. വീടിന് ചുറ്റും പ്രകൃതിയുടെ വിശാലമായ കൂടാരം ഒരുക്കിയിരിക്കുകയാണ് ഇവര്‍. സ്‌കൂളില്‍ നിന്ന് വിരമിച്ച ശേഷം ഇന്ദിര ടീച്ചര്‍ക്കാണ് ചെടികളോടുള്ള പ്രണയം ആദ്യം ആരംഭിച്ചത്. ജോലിയില്‍ നിന്ന് വിരമിച്ച് നാട്ടില്‍ വക്കീലായി പ്രാക്ടീസ് തുടങ്ങിയ സുഭാഷ് ചന്ദ്രബോസും പിന്നീട് ടീച്ചര്‍ക്കൊപ്പം മണ്ണിലേക്കിറങ്ങി. ടീച്ചര്‍ പരിചയക്കാരില്‍ നിന്നും താന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നുമെല്ലാം വിവിധയിനം സസ്യങ്ങള്‍ ശേഖരിച്ച് നട്ടു പരിപാലിച്ചു. ഇപ്പോള്‍ രണ്ടു പേരുടെയും ലോകം ഈ അപൂര്‍വ സസ്യോദ്യാനമാണ്.
കുളവും പലയിനം മീനുകളും, അതിന് ചുറ്റിലും വീട്ടുമുറ്റത്തും വഴിയുടെ വശങ്ങളിലും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന സസ്യ ശേഖരം, മരങ്ങളില്‍ തൂങ്ങിയാടുന്ന വള്ളികള്‍, അപൂര്‍വതകളുള്ള സസ്യങ്ങള്‍. 70 കഴിഞ്ഞ രണ്ടു പേര്‍ക്കും ഇപ്പോള്‍ പച്ചപ്പും പ്രകൃതിയും ആവേശമാണ്. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍ സീമയും ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രകാശും ഒരുമിച്ച് പോയി ഇവരെ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. ആയിരം പച്ചത്തുരുത്ത് പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി വ്യത്യസ്തമായ ഈ പച്ചത്തുരുത്തില്‍ ഹരിതകേരളം മിഷന്റെ അഭിനന്ദനപത്രം ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ്, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് വിജില അമ്പലത്തില്‍ എന്നിവര്‍ ചേര്‍ന്ന് ഇരുവര്‍ക്കും നല്‍കി.
തങ്ങളുടെ താല്പര്യത്തോടൊപ്പം നാടിനും സമൂഹത്തിനും കൂടിയാണ് ഈ ശേഖരമെന്ന് ഇരുവരും പറയുന്നു. പറമ്പിലെ ഒരിക്കലും വറ്റാത്ത കുളത്തില്‍ നിന്നും ജലദൗര്‍ലഭ്യമുള്ളപ്പോള്‍ ആവശ്യക്കാര്‍ക്ക് യഥേഷ്ടം വെള്ളം നല്‍കാറുമുണ്ട്. നിരവധി ആളുകളും വിദ്യാര്‍ത്ഥികളും ഈ അപൂര്‍വ ശേഖരം കാണാനെത്തും. ഇവരുടെ മണ്ണില്‍ 63 ഇനം വൃക്ഷങ്ങള്‍, 90 ഇനം ഔഷധസസ്യങ്ങള്‍, 28 തരം വള്ളിച്ചെടികള്‍ തുടങ്ങി നിരവധി സസ്യലതാദികള്‍ മടികൂടാതെ വളരുന്നു. 30 സെന്റ് സ്ഥലത്താണ് ഇവയെല്ലാം. ചോറോട് കൃഷിഭവനില്‍ നിന്ന് സുഭിക്ഷകേരളം പദ്ധതിയിലെ ജൈവഗൃഹം പദ്ധതി പ്രകാരം കോഴിക്കൂടിലേക്ക് കുഞ്ഞുങ്ങള്‍, ആട്ടിന്‍ കൂട്, അസോള കൃഷി എല്ലാം ഇവിടെയുണ്ട്. ആവശ്യക്കാര്‍ക്ക് തൈകളും വിത്തുകളും നല്‍കാനും തങ്ങളുടെ അറിവുകള്‍ പങ്കു വെക്കാനും ഇരുവരും എപ്പോഴും തയാറാണ്.
Story Highlights – couple plants greenery around the house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here