Advertisement

മാനസികാരോഗ്യത്തിന്റെ പ്രധാന്യം വിളിച്ചോതി ‘വെറുതെ’

October 17, 2020
Google News 2 minutes Read
Zylan Armani VERUTHE music video

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസിന്റെ ആരോഗ്യം. ഇത് സംബന്ധിച്ച ചർച്ചകളും, മാനസികാരോഗ്യത്തിന്റെ പ്രാധാന്യം വിളിച്ചോതാൻ പ്രത്യേക ദിനവും തന്നെ രൂപപ്പെടുത്തിയിട്ടും, ഇപ്പോഴും തഴയപ്പെട്ട് തന്നെ നിൽക്കുകയാണ് ഈ വിഷയം. ഇത് തന്നെയാണ് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ‘വെറുതെ’ എന്ന സംഗീതാൽബത്തിന്റെ പ്രമേയവും.

ഡ്രമറായ സയ്‌ലൻ അർമാനിയാണ് വെറുതെയ്ക്ക് പിന്നിൽ. ഗാനത്തിന്റെ വരികൾ എഴുതിയതും, സംഗീതം നിർവഹിച്ചതും ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നതും സയ്‌ലൻ തന്നെയാണ്.

മാനസികാരോഗ്യത്തിന് ഇപ്പോഴും സമൂഹത്തിൽ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്ന് സയ്‌ലൻ ട്വന്റിഫോർ ന്യൂസ്.കോമിനോട് പറയുന്നു. സയ്‌ലന്റെ പരിചയത്തിലുള്ള നിരവധി പേർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും, ആത്മഹത്യ ചെയ്തിട്ടുമുണ്ട്. ഇവരുടെ ജീവിതമെല്ലാം കണ്ടിട്ടും, അടുത്തറിഞ്ഞിട്ടുമുള്ള വ്യക്തിയെന്ന നിലയിൽ മനസിനെ മുറുകെ പിടിക്കുകയെന്നത് എത്ര പ്രധാനപ്പെട്ടതാണെന്ന് സയ്‌ലൻ അറിയാം. ഒരു കാലാകാരനായിരുന്നിട്ടും ഈ വിഷയത്തിൽ തനിക്ക് എന്ത് ചെയ്യാൻ കഴിഞ്ഞു എന്ന ചിന്തയാണ് സയ്‌ലനെ ‘വെറുതെ’യിലേക്ക് എത്തിച്ചത്.

ആയിരം അർത്ഥങ്ങളുള്ള ‘വെറുതെ’

വെറുതെ എന്നത് തികച്ചും ആബ്‌സ്ട്രാക്ട് ആയ വാക്കാണ്. ഓരോ സന്ദർഭത്തിനനും പല കാര്യങ്ങൾക്ക് നാം അത് ഉപയോഗിക്കും. ഒരപാട് അർത്ഥതലങ്ങളുള്ള ഈ വാക്കിന് അതിന്റേതായ ഭംഗിയും കൂടിയുള്ളതുകൊണ്ടാണ് ഗാനത്തിന്റേ പേര് ഇത് തന്നെയാകട്ടെയെന്ന് സയ്‌ലൻ തീരുമാനിക്കുന്നത്.

ചിത്രീകരണരീതി…

രണ്ട് പേർ തമ്മിലുള്ള സംഭാഷണം എന്ന നിലയ്ക്കാണ് വെറുതെയുടെ വരികൾ. സോഷ്യൽ മീഡിയയിലും മറ്റും നാമെല്ലാവരും ചിരിച്ചുകാണുമെങ്കിലും എല്ലാവർക്കും അവരവരുടേതായ സ്വകാര്യ ദുഃഖങ്ങളുണ്ടാകും. പലപ്പോഴും മറ്റൊരു വ്യക്തിയോട് ഇത് തുറന്നുപറയാൻ നാം ശ്രമിക്കില്ല. ഇത്തരം ഒരു തുറന്ന് പറച്ചിൽ അനിവാര്യമാണെന്ന് സയ്‌ലൻ പറയുന്നു. ഉള്ളുതുറന്നുള്ള സംസാരങ്ങൾ നമ്മെ വെളിച്ചത്തിലേക്ക് നയിക്കും. ഇത് തന്നെയാണ് വെറുതെയിലും പ്രതിപാധിക്കുന്നത്.

ഗാനരംഗം ആരംഭിക്കുന്നത് ലോ ലൈറ്റിലാണ്. ഗാനത്തിന്റെ അവസാനത്തേക്ക് വെളിച്ചം കടന്നുവരുന്ന പച്ചപ്പിലേക്ക് പോകുന്നതും ഇതിന്റെ പ്രതീകമായാണ്. അതുകൊണ്ട് തന്നെ മലയാളികൾ കണ്ട് മറന്ന ദൃശ്യാവിഷ്‌കാരത്തിൽ നിന്നെല്ലാം മാറി പുതിയൊരു ദൃശ്യാനുഭവം നൽകുന്നുണ്ട് വെറുതെ.

പിന്നണിയിൽ…

സ്റ്റീവ് ബെഞ്ചമിൻ സംവിധാനം ചെയ്ത ഗാനത്തിന്റെ ഗിറ്റാർ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത കമ്പോസർ റെക്‌സ് വിജയനും, സുനിൽ സിൽവെസ്റ്ററും ചേർന്നാണ്. സ്റ്റീവ് ബെഞ്ചമിനാണ് എഡിറ്റർ. കാമി മീഡിയയാണ് പഡക്ഷൻ കമ്പനി

ഇരുപത് വർഷത്തിലേറെയായി സംഗീത ലോകത്ത്…

ഇരുപത് വർഷത്തിലേറെയായി സംഗീത ലോകത്ത് ഡ്രമറായി പ്രവർത്തിക്കുന്ന സയ്‌ലൻ നിരവധി ക്രിസ്തീയ ഗാനങ്ങളും രചിച്ച് ചിട്ടപ്പെടുത്തിയിട്ടുണ്ട്. സയ്‌ലന്റെ ‘ആനന്ദത്തോടെ ആടുന്ന’ എന്ന ഗാനം ശ്രദ്ധേയമാണ്.

കൊല്ലം സ്വദേശിയാണെങ്കിലും വർഷങ്ങളായി തിരുവനന്തപുരത്താണ് സയ്‌ലൻ താമസിക്കുന്നത്. ഇനിയും ഗാനങഅങൾ പുറത്തിറക്കണമെന്നാണ് സയ്‌ലന്റെ ആഗ്രഹം. തനിക്ക് ലോകത്തോട് പറയാനുള്ള കാര്യങ്ങൾ സംഗീതത്തിലൂടെ പറയാനാണ് സയ്‌ലൻ ആഗ്രഹിക്കുന്നത്.

Story Highlights Zylan Armani VERUTHE music video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here