ഐപിഎൽ മാച്ച് 37: അവസാന കച്ചിത്തുരുമ്പ് തേടി രാജസ്ഥാനും ചെന്നൈയും

csk rr ipl preview

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 37ആം മത്സരത്തിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. പോയിൻ്റ് ടേബിളിൽ യഥാക്രമം എട്ടാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമുള്ള ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം അവസാനത്തെ പ്രതീക്ഷയാണ്. ഈ മത്സരത്തിൽ പരാജയപ്പെട്ടാൽ പ്ലേ ഓഫ് സാധ്യതകൾ ഏറേക്കുറെ അവസാനിക്കും. ഇരു ടീമുകളും 9 മത്സരങ്ങൾ വീതം കളിച്ചപ്പോൾ 3 ജയം സഹിതം 6 പോയിൻ്റുണ്ട്.

Read Also : ഡബിൾ സൂപ്പർ ഓവർ: മുംബൈയുടെ അശ്വമേധത്തിന് കടിഞ്ഞാൺ; ആവേശപ്പോരിൽ പഞ്ചാബിനു ജയം

പങ്കെടുത്ത എല്ലാ സീസണുകളിലും പ്ലേ ഓഫിൽ കടന്ന ടീമെന്ന റെക്കോർഡ് ചെന്നൈക്ക് കൈമോശം വരുമോ എന്നതാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. ചെന്നൈയുടെ ടീം സെലക്ഷനും കളിയോടുള്ള സമീപനവും വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്. തുടർച്ചയായ പരാജയങ്ങൾക്കു ശേഷവും കഴിഞ്ഞ മത്സരത്തിൽ കേദാർ ജാദവ് ടീമിൽ എത്തിയതും കളിച്ച ഒരു മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും ജഗദീശനെ കളത്തിൽ ഇറക്കാത്തതും ആരാധകർ ചോദ്യം ചെയ്യുന്നു. ഡ്വെയിൻ ബ്രാവോയ്ക്ക് പരുക്കേറ്റത് ചെന്നൈക്ക് തിരിച്ചടിയാണ്. ബ്രാവോയ്ക്ക് പകരം ലുങ്കി എങ്കിഡിയോ ഇമ്രാൻ താഹിറോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ജോഷ് ഹേസൽവുഡ്, മിച്ചൽ സാൻ്റ്നർ എന്നീ ഓപ്ഷനുകളും ഉണ്ട്. താഹിർ വൈകാതെ ടീമിലെത്തുമെന്ന് ചെന്നൈ മാനേജ്മെൻ്റ് പറഞ്ഞതുകൊണ്ട് തന്നെ അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മൂന്നാം പേസർ എന്ന ഓപ്ഷനിലേക്ക് പോയൽ എങ്കിഡിയോ ഹേസൽവുഡോ എത്തും. ബൗളിംഗ് ഓൾറൗണ്ടർ എന്ന ടാഗ് സാൻ്റ്നറിനും സാധ്യതയാണ്. മറ്റ് മാറ്റങ്ങൾ ഉണ്ടാവാനിടയില്ല.

Read Also : സൺറൈസേഴ്സിന് ഫെർഗൂസന്റെ ലോക്ക്; സൂപ്പർ ഓവർ കടന്ന് കൊൽക്കത്ത

രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റിൻ്റെ മണ്ടൻ തീരുമാനങ്ങളാണ് ഫ്രാഞ്ചൈസിയുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. ഉത്തപ്പ, വോഹ്റ, സഞ്ജു എന്നിങ്ങനെ എസ്റ്റാബ്ലിഷ്ഡ് ഓപ്പണർമാർ ഉണ്ടായിട്ടും ബെൻ സ്റ്റോക്സിനെ ഓപ്പൺ ചെയ്യിക്കാനുള്ള നീക്കം അത്ഭുതകരമായിരുന്നു. ഒരുപാട് മത്സരങ്ങൾക്കു ശേഷം ഉത്തപ്പയെ ഓപ്പൺ ചെയ്യിപ്പിച്ചു എങ്കിലും സ്റ്റോക്സിനെ വീണ്ടും ഓപ്പണറായി പരീക്ഷിച്ചത് വിജയം കണ്ടില്ല. സ്റ്റോക്സ് മധ്യനിരയിൽ കളിക്കുമ്പോൾ ബാറ്റിംഗിനു കൂടുതൽ ഡെപ്ത് ഉണ്ടാവും എന്നത് രാജസ്ഥാൻ മാനേജ്മെൻ്റ് മനസ്സിലാക്കുന്നില്ല. സഞ്ജുവിൻ്റെ ഏറ്റവും മികച്ച പൊസിഷൻ മൂന്നാം നമ്പറാണ് എന്ന് തെളിയിക്കപ്പെട്ടതാണെങ്കിലും മിക്ക മത്സരങ്ങളിലും സഞ്ജു നാലാം നമ്പറിലാണ് ഇറങ്ങിയത്. ഇതോടൊപ്പം തുടർച്ചയായ പരാജയങ്ങളിലും ഉനദ്കട്ടിനു വീണ്ടും അവസരങ്ങൾ നൽകുന്നതും മാനേജ്മെൻ്റിൻ്റെ മണ്ടത്തരമാണ്. വരുൺ ആരോൺ, ആകാശ് സിംഗ് എന്നിങ്ങനെ മറ്റ് ഓപ്ഷനുകൾ ഉണ്ടായിരിക്കെയാണ് ഇത്തരം തീരുമാനങ്ങൾ. ക്യാപ്റ്റൻ സ്മിത്തിനെതിരെയും വിമർശനം ശക്തമാണ്. എന്നാൽ, സ്മിത്തിനെ പൂർണമായി പിന്തുണയ്ക്കുന്നു എന്നാണ് മാനേജ്മെൻ്റ് പറയുന്നത്. സ്മിത്ത് ഫോം കണ്ടെത്തിയത് പോസിറ്റീവാണ്. ബട്‌ലർ ഓപ്പണിംഗിൽ തിരികെ എത്തുമോ എന്ന് കണ്ടറിയണം. ഇന്ന് ഉണ്ടാവാനിടയുള്ള ഒരേയൊരു മാറ്റം ഉനദ്കട്ടിനു പകരം വരുൺ ആരോൺ മാത്രമാണ്.

Story Highlights chennai super kings vs rajasthan royals preview

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top