Advertisement

അബുദാബിയിൽ കുങ്ഫു പാണ്ഡ്യയുടെ സിക്സർ ഷോ; രാജസ്ഥാന് 196 റൺസ് വിജയലക്ഷ്യം

October 25, 2020
Google News 2 minutes Read
mi rr ipl innings

മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 196 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 195 റൺസ് നേടിയത്. 21 പന്തുകളിൽ 2 ഫോറും ഏഴ് സിക്സറും സഹിതം 60 റൺസ് നേടിയ ഹർദ്ദിക് പാണ്ഡ്യ ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് (40), ഇഷാൻ കിഷൻ (37), സൗരഭ് തിവാരി (34) എന്നിവരും മുംബൈക്കായി തിളങ്ങി. രാജസ്ഥാനു വേണ്ടി ജോഫ്ര ആർച്ചറും ശ്രേയാസ് ഗോപാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Read Also : ഐപിഎൽ മാച്ച് 45: മുംബൈക്ക് ബാറ്റിംഗ്; ഇന്നും രോഹിത് ഇല്ല

മോശപ്പെട്ട തുടക്കമാണ് മുംബൈ ഇന്ത്യൻസിനു ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ മുംബൈക്ക് അപാര ഫോമിലുള്ള ക്വിൻ്റൺ ഡികോക്കിനെ (6) നഷ്ടമായി. ഡികോക്ക് ജോഫ്ര ആർച്ചറുടെ പ്ലേയ്ഡ് ഓൺ ആവുകയായിരുന്നു. രണ്ടാം വിക്കറ്റിൽ സൂര്യകുമാർ യാദവും ഇഷൻ കിഷനും ചേർന്ന് മുംബൈക്ക് മത്സരത്തിൽ ആധിപത്യം നേടിക്കൊടുത്തു. ആക്രമണ മൂഡിൽ ബാറ്റ് ചെയ്ത സൂര്യകുമാർ ആയിരുന്നു ഏറെ അപകടകാരി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 83 റൺസ് കൂട്ടിച്ചേർത്തു. 11ആം ഓവറിൽ കാർത്തിക് ത്യാഗിയാണ് ഈ കൂട്ടുകെട്ട് തകർക്കുന്നത്. ത്യാഗിയുടെ പന്തിൽ ഇഷാൻ കിഷനെ (37) ആർച്ചർ ഉജ്ജ്വലമായി പിടികൂടുകയായിരുന്നു.

അതിഗംഭീരമായി ബാറ്റ് ചെയ്ത സൂര്യകുമാർ യാദവ് (40) ഏറെ വൈകാതെ മടങ്ങി. സൂര്യയെ ശ്രേയാസ് ഗോപാൽ സ്റ്റോക്സിൻ്റെ കൈകളിൽ എത്തിച്ചു. ആ ഓവറിൽ തന്നെ പൊള്ളാർഡും (6) മടങ്ങി. പോളിയെ ഗോപാൽ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

Read Also : ഗെയ്ക്‌വാദിന് ‘സ്പാർക്കിംഗ്’ ഫിഫ്റ്റി; ചെന്നൈക്ക് അനായാസ ജയം

അഞ്ചാം വിക്കറ്റിൽ ഹർദ്ദിക് പാണ്ഡ്യയും സൗരഭ് തിവാരിയും ചേർന്നുള്ള കൂട്ടുകെട്ടാണ് മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്. കൂറ്റൻ ഷോട്ടുകൾ ഉതിർത്ത ഇരുവരും ഡെത്ത് ഓവറുകളിൽ അസാമാന്യ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. അങ്കിത് രാജ്പൂതിൻ്റെ ഒരു ഓവറിൽ 4 സിക്സറുകൾ അടക്കം പാണ്ഡ്യ 27 റൺസ് അടിച്ചെടുത്തു. ആർച്ചർ തന്നെ വേണ്ടിവന്നു ഈ കൂട്ടുകെട്ട് തകർക്കാൻ. 34 റൺസെടുത്ത സൗരഭ് തിവാരിയെ ആർച്ചർ ബെൻ സ്റ്റോക്സിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. പാണ്ഡ്യക്കൊപ്പം അഞ്ചാം വിക്കറ്റിൽ 64 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായതിനു ശേഷമാണ് തിവാരി മടങ്ങിയത്. തിവാരി പുറത്തായിട്ടും തകർത്തടിച്ച പാണ്ഡ്യ 20 പന്തുകളിൽ ഫിഫ്റ്റി തികച്ചു. കാർത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിൽ 3 സിക്സർ അടക്കം 27 റൺസാണ് പാണ്ഡ്യ അടിച്ചെടുത്തത്.

Story Highlights mumbai indians vs rajasthan royals first innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here