Advertisement

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ തുളസേന്ദ്രപുരം എന്ന തമിഴ്ഗ്രാമത്തിന് എന്ത് കാര്യം ?

November 8, 2020
Google News 2 minutes Read

വൈറ്റ് ഹൗസില്‍ നിന്ന് 8000 മൈലുകള്‍ക്കപ്പുറം ഇന്ത്യയുടെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന തുളസേന്ദ്രപുരം എന്ന തമിഴ്ഗ്രാമത്തിന് അമേരിക്കയിലെ തെരഞ്ഞെടുപ്പുമായി എന്താണ് ബന്ധം. അങ്ങനെ ചോദിച്ചാല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഈ മണ്ണിന്റെ മകളാണെന്നവര്‍ പറയും. സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസിന്റെ പേര് പ്രഖ്യാപിച്ചത് മുതല്‍ നാടാകെ ഒരുക്കത്തിലാണ്. വിജയത്തിനായി പൂജകളും വഴിപാടുകളുമായി ക്ഷേത്രനടകളില്‍ എത്തുന്നവര്‍, പോസ്റ്ററുകളില്‍ ചാര്‍ത്താന്‍ മല്ലിപ്പൂ മാലകള്‍ കെട്ടുന്നവര്‍, ആശംസകള്‍ നേര്‍ന്ന് കൊണ്ട് മുറ്റത്ത് കോലമിടുന്നവര്‍. അങ്ങനെ പോകുന്നു തുളസേന്ദ്രപുരത്തെ നാട്ടുവിശേഷങ്ങള്‍.

ഇഷ്ട ഭക്ഷണം ഇഡലിയും സാമ്പാറുമാണെന്ന കമലയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇവിടുത്തെ അമ്പലങ്ങളില്‍ അന്നദാനമായി ഇഡലിയാണ് വിതരണം ചെയ്യുന്നത്. ഇതിനുമൊക്കെയപ്പുറം എങ്ങനെയാണ് ഒരു നാട് സ്വന്തം മകളെ സ്‌നേഹിക്കുക. ചെന്നൈയിലെ നിരത്തുകളിലൂടെ മുത്തച്ഛന്‍ പിവി ഗോപാലനൊപ്പം നടത്തിയ പ്രഭാത നടത്തങ്ങളും ഇഡലിയുടെ ആവി പറക്കുന്ന മണമിഷ്ടപ്പെട്ട് തുടങ്ങിയ അമ്മയുടെ അടുക്കളയും പലകുറി കമലയുടെ അഭിമുഖങ്ങളില്‍ ചര്‍ച്ചയായി. അപ്പോഴെല്ലാം തുളസേന്ദ്രപുരത്തിന് അഭിമാനമാണ്.

ചെന്നൈ സ്വദേശിനിയായ ശ്യാമള ഗോപാലനും ജമൈക്കക്കാരനായ ഡൊണാള്‍ഡ് ഹാരിസും, രണ്ട് വ്യത്യസ്ത വംശീയതകളില്‍ നിന്ന് അമേരിക്കയില്‍ കുടിയേറി വളര്‍ന്നിട്ടും കമല പലകുറി ഇന്ത്യയില്‍ മടങ്ങിയെത്തി. അമ്മയുടെ നാടിനെക്കുറിച്ചറിയാന്‍. 1964ല്‍ കാലിഫോര്‍ണിയയിലെ ഓക്‌ലന്‍ഡില്‍ ആയിരുന്നു കമലയുടെ ജനനം. ഹൊവാഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദവും നേടി.

2003ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഡിസ്ട്രിക്ട് അറ്റോര്‍ണിയായി തെരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറല്‍. 2014ല്‍ ഡഗ്ലസ് എംഹോഫുമായുള്ള വിവാഹം. 2016 നവംബറില്‍ കാലിഫോര്‍ണിയയില്‍നിന്ന് സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. നിര്‍ഭയമായ നിലപാടുകള്‍ ആയിരുന്നു എന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വനിതാമുഖങ്ങളില്‍ ശ്രദ്ധേയയായ കമലയുടെ ശക്തി. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുള്ള ആത്മബന്ധവും കമലയ്ക്ക് തുണയായി.അഭിഭാഷക എന്നനിലയില്‍ തിളങ്ങിയ കമലാ ഹാരിസ് വധശിക്ഷ, സ്വവര്‍ഗവിവാഹം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകളുടെ പേരിലും ശ്രദ്ധ നേടി. യു.എസില്‍ കറുത്ത വര്‍ഗക്കാര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളില്‍ പൊലീസിനെതിരെ അവര്‍ ശക്തമായ നിലപാട് സ്വീകരിച്ചു. തെരഞ്ഞെടുപ്പില്‍ എതിരാളി മൈക് പെന്‍സുമായുള്ള സംവാദത്തിലടക്കം കമല തിളങ്ങി. വിജയത്തില്‍ ജോ ബൈഡന്‍ നന്ദി പറയേണ്ടത് അമേരിക്കന്‍ ജനതയോട് മാത്രമല്ല, തുളസേന്ദ്രപുരം നിവാസികളോട് കൂടിയാണ്.

Story Highlights Tamil village of Thulasendrapuram US elections, kamala hariss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here