ആകാശവാണി ആലപ്പുഴ നിലയം ഭാഗികമായി പൂട്ടാനുള്ള തീരുമാനം താത്ക്കാലികമായി നിർത്തി

ആകാശവാണി ആലപ്പുഴ പ്രസരണ നിലയം ഭാഗികമായി പൂട്ടാനുള്ള തീരുമാനം എ.എം ആരിഫ് എം.പിയുടെ ഇടപെടലിനെ ഒരാഴ്ചത്തേക്ക് മരവിപ്പിച്ചു. എഫ്എം നിലനിർത്തി എ.എം ട്രാൻസ്മിറ്റർ പ്രവർത്തനം അവസാനിപ്പിക്കാനുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവാണ് ഒരാഴ്ചത്തേക്ക് മരവിപ്പിച്ചത്.

ആലപ്പുഴ കേന്ദ്രത്തിൽ 200 കിലോവാട്ട് പ്രസരണ ശേഷിയുള്ള എ.എം ട്രാൻസ്മിറ്റർ അഞ്ച് കിലോ വാട്ട് ശേഷിയുള്ള എഫ് എം ട്രാൻസ്മിറ്റർ എന്നിവയാണുള്ളത്. ഇതിലൂടെയാണ് തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള പരിപാടികൾ വിവിധ ഇടങ്ങളിൽ ലഭിക്കുന്നത്. എഫ്എം നിലനിർത്തി എ.എം ട്രാൻസ്മിറ്റർ പ്രവർത്തനം അവസാനിപ്പിക്കുന്നതിലൂടെ പലയിടത്തും ആകാശവാണി കിട്ടാതെയാകും. ഈ വിഷയം ചൂണ്ടിക്കാട്ടി എ.എം ആരിഫ് എം.പി കേന്ദ്രസർക്കാരിന് കത്തയച്ചതിന് പിന്നാലെയാണ് നടപടി ഒരാഴ്ച താത്ക്കാലികമായി മരവിപ്പിച്ചത്.

റേഡിയോ സംവിധാനങ്ങളെയെല്ലാം തകർത്ത് സ്വകാര്യവത്കരിക്കുക എന്ന നിലയിലേക്ക് മാറുന്നതിന്റെ ഭാഗം കൂടിയാണ് നിലവിലെ തീരുമാനമെന്ന് എംപി കത്തിൽ വ്യക്തമാക്കി.

അതേസമയം, നിലയം പൂട്ടുന്നതോടെ പ്രതിസന്ധിയിലാകുന്ന ജീവനക്കാർ സ്ഥലം മാറി പോകേണ്ടി വരുന്ന നടപടിയ്‌ക്കെതിരെ മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Story Highlights The decision to partially shut down All India Radio Alappuzha station has been put on hold

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top