വിമൻസ് ടി-20 ചലഞ്ച്: ഹാട്രിക്ക് കിരീടത്തിനായി സൂപ്പർ നോവാസ്; കന്നിക്കിരീടത്തിനായി ട്രെയിൽബ്ലേസേഴ്സ്

womens t20 challenge final

വിമൻസ് ടി-20 ചലഞ്ചിൽ ഇന്ന് കലാശപ്പോരാട്ടം. ഹർമൻപ്രീത് കൗർ നയിക്കുന്ന സൂപ്പർ നോവാസും സ്മൃതി മന്ദന നയിക്കുന്ന ട്രെയിൽബ്ലേസേഴ്സുമാണ് മൂന്നാം സീസണിൻ്റെ ഫൈനലിൽ പരസ്പരം പോരടിക്കുക. ഷാർജയിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. മുൻപ് നടന്ന രണ്ട് സീസണിലും ചാമ്പ്യന്മാരായ സൂപ്പർ നോവാസ് ഹാട്രിക്ക് കിരീടത്തിനായാണ് ഇന്ന് ഇറങ്ങുക. ട്രെയിൽബ്ലേസേഴ്സ് ആദ്യം കിരീടം തേടി ഇറങ്ങും.

Read Also : വിമൻസ് ടി-20 ചലഞ്ച്: ആവേശം അവസാനം വരെ; സൂപ്പർ നോവാസിന് രണ്ട് റൺസ് ജയം

അവസാന ലീഗ് മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സൂപ്പർ നോവാസ് രണ്ട് റൺസിന് വിജയിച്ചിരുന്നു. അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിൽ വിജയിച്ചത് സൂപ്പർ നോവാസിനു കരുത്താവും. എങ്കിലും അവസാനം വരെ പൊരുതി കീഴടങ്ങിയെന്നത് ട്രെയിൽബ്ലേസേഴ്സിനും ആത്മവിശ്വാസം നൽകും.

സ്മൃതി മന്ദനയുടെ മങ്ങിയ ഫോം ആണ് ട്രെയിൽബ്ലേസേഴ്സിൻ്റെ പ്രശ്നം. ഓപ്പണിംഗിൽ ദേന്ദ്ര ഡോട്ടിൻ തകർപ്പൻ തുടക്കം നൽകുന്നുണ്ടെങ്കിലും മന്ദന ബുദ്ധിമുട്ടുകയാണ്. റിച്ച ഘോഷിൻ്റെ പ്രകടനം പ്രതീക്ഷാജനകമാണ്. രണ്ടാം മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ പുറത്തായെങ്കിലും അനായാസം ബൗണ്ടറി ക്ലിയർ ചെയ്യാനുള്ള കഴിവ് റിച്ചക്കുണ്ട്. ഹർലീൻ ഡിയോളിൻ്റെ ബാറ്റിംഗ് ശൈലി മാറിയത് മറ്റൊരു പ്ലസ് പോയിൻ്റാണ്. ഫീൽഡിനനുസരിച്ച് മികച്ച ഷോട്ടുകൾ കളിക്കാനും വളരെ വേഗം സ്കോർ ഉയർത്താനും ഹർലീനു കഴിയുന്നുണ്ട്. സോഫി എക്സ്ലസ്റ്റൺ, രാജേശ്വരി ഗെയ്ക്‌വാദ്, ദീപ്തി ശർമ്മ, സല്മ ഖാത്തൂൻ തുടങ്ങി മികച്ച ബൗളിംഗ് നിരയും ട്രെയിൽബ്ലേസേഴ്സിനുണ്ട്.

Read Also : വിമൻസ് ടി-20 ചലഞ്ച്: സ്മൃതി മന്ദന ഇന്നിറങ്ങും; തുടർ ജയത്തിനായി വെലോസിറ്റി

സൂപ്പർ നോവാസിൽ ജെമീമ റോഡ്രിഗസ് നിറം മങ്ങുന്നതാണ് തിരിച്ചടി. ചമാരി അത്തപ്പട്ടുവും പ്രിയ പുനിയയും ചേർന്ന ഓപ്പണിംഗ് പെയർ ഗംഭീര ഫോമിലാണ്. ഹർമൻപ്രീത് പഴയ പ്രതാപത്തിൽ എത്തിയിട്ടില്ലെങ്കിലും ഭയക്കേണ്ട താരം തന്നെയാണ്. ആദ്യ മൂന്ന്/നാല് സ്ഥാനങ്ങൾക്കു ശേഷം ബാറ്റിംഗ് നിരയിൽ ആരും ഫോമിലല്ല എന്നത് നിലവിലെ ചാമ്പ്യന്മാർക്ക് തലവേദനയാണ്. അത്തപ്പട്ടു വേഗം പുറത്തായാൽ സ്കോറിംഗ് എങ്ങനെയാവുമെന്നത് കണ്ടറിയേണ്ടതാണ്. അയബോങ ഖാഖ, ഷെക്കീറ സൽമാൻ, രാധ യാദവ്, പൂനം യാദവ് എന്നിങ്ങനെ സൂപ്പർ നോവാസിനും മികച്ച ബൗളിംഗ് നിരയുണ്ട്. പൂനം ഫോം ഔട്ടാണെന്നത് മാത്രമാണ് തിരിച്ചടി.

Story Highlights womens t20 challenge final preview

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top