ശിവശങ്കറിന് കോഴയായി ലഭിച്ചത് ഒരു കോടി; സ്വപ്നയുടെ ലോക്കറിൽ നിന്ന് പിടിച്ചെടുത്തത് ഈ പണം : ഇ.ഡി

sivasankar got 1 crore as fine

സ്വർണക്കടത്ത് കേസ് പ്രതി എം ശിവശങ്കരന് ഒരു കോടി രൂപ കോഴയായി ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. ഖാലിദ് സ്വപ്നയ്ക്ക് നൽകിയ ഒരു കോടി ശിവശങ്കറിനുള്ള കോഴയാണെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് പിടിച്ചെടുത്തത് ഈ പണമാണെന്നും ഇ.ഡി വ്യക്തമാക്കി.

സന്തോഷ് ഈപ്പനുമായി ശിവശങ്കറിന് ബന്ധമുണ്ടായിരുന്നുവെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ സംഘത്തിനും സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നു. ലൈഫ് മിഷനിലെ കോഴയിടപാടും ശിവശങ്കർ അറിഞ്ഞിരുന്നു. ശിവശങ്കറുമായി അടുപ്പമുള്ളവരുടെ പേരുകൾ സ്വപ്ന വെളിപ്പെടുത്തിയെന്ന് ഇ.ഡി അറിയിച്ചു. അതിൽ ഒരാൾക്ക് ടോറസ് ഡൗൺടൗൺ പദ്ധതിയുമായി ബന്ധമുണ്ടെന്നും ഇഡി കൂട്ടിച്ചേർത്തു.

ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് മൊഴി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘത്തിനും ഇതേ കുറിച്ച് അറിയാമായിരുന്നുവെന്നും സ്വപ്‌ന പറഞ്ഞു. സ്വപ്നയെ ഇന്നലെ ജയിലിലെത്തി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യണമെന്ന് ഇ.ഡി അറിയിച്ചു.

യൂണിടാക്ക് സ്വപ്നയ്ക്ക് കമ്മീഷൻ നൽകിയതിനെ കുറിച്ചും ശിവശങ്കറിന് അറിയാമായിരുന്നുവെന്നും യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ ഖാലിദിന് കമ്മീഷൻ നൽകിയത് ശിവശങ്കർ അറിഞ്ഞുകൊണ്ടാണെന്നും സ്വപ്ന മൊഴി നൽകി. ശിവശങ്കർ അറിഞ്ഞാണ് സ്വപ്ന ലോക്കർ കൈക്കാര്യം ചെയ്തതെന്നും അതിനർത്ഥം ലോക്കർ ശിവശങ്കറിന്റേതാണെന്നും ഇ.ഡി വ്യക്തമാക്കി.

കഴിഞ്ഞ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞപ്പോൾ കെഫോൺ, ലൈഫ് മിഷൻ എന്നീ അഴിമതികളിലും ശിവശങ്കറിന് പങ്കുള്ളതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണക്കടത്തിലെ നേരിട്ടുള്ള പങ്കും ഇ.ഡി പുറത്തുവിടുന്നത്.

Story Highlights sivasankar got 1 crore as fine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top