സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ശിശുസൗഹൃദമാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി

കുട്ടികള്‍ക്ക് ഏത് സമയത്തും നിര്‍ഭയരായി പരാതി നല്‍കാനുളള അന്തരീക്ഷം പൊലീസ് സ്റ്റേഷനുകളില്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്തെ 15 പൊലീസ് സ്റ്റേഷനുകളില്‍ പുതുതായി ആരംഭിച്ച ശിശുസൗഹൃദ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ആവശ്യങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനുകളില്‍ എത്തുന്നവരുടെ മക്കള്‍ക്ക് സന്തോഷകരമായി സമയം ചെലവഴിക്കാന്‍ ലക്ഷ്യമിട്ടാണ് 2006 ല്‍ ശിശുസൗഹൃദ പൊലീസ് സ്റ്റേഷന്‍ എന്ന ആശയം നടപ്പില്‍ വരുത്തിയത്. പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും പൊലീസുകാരുടെ ജോലിയും മനസിലാക്കാനും അതുവഴി കുട്ടികള്‍ക്കും സമൂഹത്തിനും അവരോടുളള അകല്‍ച്ച ഇല്ലാതാക്കാനും ഇത്തരം കേന്ദ്രങ്ങള്‍ക്ക് കഴിയും.
നിലവില്‍ 85 പൊലീസ് സ്റ്റേഷനുകളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ നിലവിലുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ 12 പൊലീസ് സ്റ്റേഷനുകളില്‍ കൂടി ഈ സംവിധാനം നടപ്പിലാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
കൊല്ലം റൂറലിലെ ചടയമംഗലം, പത്തനാപുരം, അഞ്ചല്‍, എറണാകുളം സിറ്റിയിലെ ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പൊലീസ് സ്റ്റേഷന്‍, വനിതാ പൊലീസ് സ്റ്റേഷന്‍, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, മലമ്പുഴ, മലപ്പുറത്തെ ചങ്ങരംകുളം, നിലമ്പൂര്‍, താനൂര്‍, കണ്ണൂരിലെ പാനൂര്‍, കാസര്‍ഗോഡ് ജില്ലയിലെ ആധൂര്‍, രാജപുരം, ബദിയടുക്ക എന്നിവയാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളായി മാറിയത്.
Story Highlights – Child Friendly Police Station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here