ലവ് ജിഹാദിനെതിരെ നിയമനിർമാണത്തിനൊരുങ്ങി മധ്യപ്രദേശ്; ശിക്ഷ അഞ്ച് വർഷം വരെ കഠിന തടവ്

Love jihad Madhya Pradesh

ലവ് ജിഹാദിനെതിരെ നിയമനിർമാണത്തിനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. ലൗ ജിഹാദിനെതിരെ വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര അറിയിച്ചു. കർണാടക, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചുവടുപിടിച്ചാണ് മധ്യപ്രദേശ് സർക്കാരും നിയമം നിർമിക്കാൻ ഒരുങ്ങുന്നത്.

‘ധർമ സ്വതന്ത്ര്യ ബിൽ 2020’ എന്ന ബില്ലിലൂടെ ലവ് ജിഹാദ് ജാമ്യമില്ലാ കുറ്റമാക്കുമെന്നാണ് നരോട്ടം മിശ്ര പറയുന്നത്. ഇത്തരത്തിൽ വിവാഹം കഴിക്കുന്നവർക്ക് അഞ്ചുവർഷം വരെ കഠിന തടവ് വ്യവസ്ഥ ചെയ്യുന്ന നിയമമാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. വിവാഹം കഴിക്കുന്നയാൾക്കും ഇതിന് സഹായം ചെയ്തുകൊടുക്കുന്നവർക്കും സമാന ശിക്ഷയാണ് നൽകുക. വിവാഹത്തിനു വേണ്ടി മതം മാറാൻ ആഗ്രഹിക്കുന്നവർ ഒരു മാസം മുൻപ് നിർബന്ധമായും കളക്ടർക്ക് അപേക്ഷ നൽകേണ്ടതാണെന്നും നരോട്ടം മിശ്ര പറഞ്ഞു.

Read Also : കർണാടകയിൽ നിന്ന് ലവ് ജിഹാദിനെ പൂർണമായും ഇല്ലാതാക്കും; മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ

സംസ്ഥാനത്തു നിന്ന് ലവ് ജിഹാദിനെ പൂർണമായും ഇല്ലാതാക്കുമെന്നാണ് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഈ മാസം ആദ്യം വ്യക്തമാക്കിയത്. വിവാഹത്തിൻ്റെ പേരിലുള്ള മതപരിവർത്തനത്തിനെതിരെ നിയമം പാസാക്കാൻ സർക്കാർ തയ്യാറെടുക്കുന്നു എന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയും ടൂറിസം മന്ത്രി സിടി രവിയും വെളിപ്പെടുത്തിയിരുന്നു. ഇതിനു ചുവടുപിടിച്ചാണ് യെദ്യൂരപ്പ ഇത്തരത്തിൽ പ്രഖ്യാപനം നടത്തിയത്.

അന്ന് തന്നെ ഹരിയാനയും ലവ് ജിഹാദിനെതിരെ നിയമം നിർമിക്കുമെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറിലാണ് ഉത്തർപ്രദേശ് സർക്കാർ ലവ് ജിഹാദിനെതിരെ കടുത്ത നടപടി എടുക്കുമെന്ന് വിശദീകരിച്ചത്. ഹിമാചൽ പ്രദേശ് സർക്കാർ കഴിഞ്ഞ വർഷം തന്നെ ഇത്തരത്തിൽ ഒരു ബിൽ പാസാക്കിയിരുന്നു.

Story Highlights Love jihad bill in Madhya Pradesh Assembly soon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top