ബിഗ് ബാഷ് ലീഗിലെ പുതിയ നിയമങ്ങൾ; അതൃപ്തി അറിയിച്ച് ഷെയിൻ വാട്സൺ

Shane Watson Critisizes BBL

ബിഗ് ബാഷ് ലീഗിലെ പുതിയ നിയമങ്ങളിൽ അതൃപ്തി അറിയിച്ച് മുൻ ഓസീസ് ഓൾറൗണ്ടർ ഷെയിൻ വാട്സൺ. കേടു വരാത്ത ചക്രം മാറ്റി പുതിയത് ഘടിപ്പിക്കുന്നതു പോലെയാണ് പുതിയ നിയമങ്ങളെന്ന് വാട്സൺ കുറ്റപ്പെടുത്തി. ആഭ്യന്തര ടൂർണമെൻ്റുകളിൽ പോലും മുൻപ് പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത നിയമങ്ങൾ ആയതുകൊണ്ട് തന്നെ ഇവ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“പവർ സർജ്, എക്സ് ഫാക്ടർ പ്ലയർ, ബാഷ് ബൂസ്റ്റ് എന്നിങ്ങനെ ചില സൂത്രപ്പണികൾ ബിബിഎൽ ഏർപ്പെടുത്തുന്നതായി വായിച്ചു. കേടു വരാത്ത ചക്രം മാറ്റി പുതിയത് ഘടിപ്പിക്കാൻ ഇവർ ശ്രമിക്കുന്നത് എന്തിനാണെന്നാണ് ഞാൻ ചിന്തിക്കുന്നത്. മുൻപ് പരീക്ഷിച്ചിട്ടില്ലാത്തതു കൊണ്ട് തന്നെ ഇത്തരം പുതിയ പരീക്ഷണങ്ങൾ കാഴ്ചക്കാർക്കും താരങ്ങൾക്കും പരിശീലകർക്കും ആശയക്കുഴപ്പം സൃഷ്ടിക്കും. ലോകോത്തര താരങ്ങൾ ലോകോത്തര പിച്ചുകളിൽ കളിക്കുന്നു. അപ്പോൾ ലോകോത്തര ക്രിക്കറ്റും കാണാനാവും.”- വാട്സൺ തൻ്റെ വെബ്സൈറ്റിൽ കുറിച്ചു.

Read Also : പവർപ്ലേ നാലോവർ മാത്രം; 12ആമന് മത്സരത്തിനിടെ ടീമിലെത്താം: പുതിയ നിയമങ്ങളുമായി ബിഗ് ബാഷ്

പവർ സർജ്, എക്സ് ഫാക്ടർ പ്ലയർ, ബാഷ് ബൂസ്റ്റ് എന്നീ നിയമങ്ങളാണ് വരുന്ന സീസൺ മുതൽ ബിഗ് ബാഷിൽ കാണാനാവുക. സാധാരണയായി ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ ഉണ്ടാവുന്ന 6 ഓവർ പവർപ്ലേ 4 ഓവറാക്കി ചുരുക്കുകയും ബാക്കി വരുന്ന രണ്ട് ഓവർ ബാറ്റിംഗ് ടീമിന് ഇന്നിംഗ്സിൻ്റെ ഏതു സമയത്തും എടുക്കാൻ കഴിയുന്നതുമാണ് പവർ സർജ്. ഈ രണ്ട് ഓവറിൽ ഫീൽഡിംഗ് ടീമിന് രണ്ട് ഫീൽഡർമാരെ മാത്രമേ സർക്കിളിനു പുറത്ത് നിർത്താൻ കഴിയൂ.

ടീം ഷീറ്റിലുള്ള 12ആമനോ 13ആമനോ ഇന്നിംഗ്സിനിടെ ടീമിലെത്താവുന്ന നിയമമാണ് എക്സ് ഫാക്ടർ പ്ലയർ. ആദ്യ ഇന്നിംഗ്സിലെ 10 ഓവറിനു ശേഷമാണ് ഇങ്ങനെ താരത്തെ ഉൾപ്പെടുത്താൻ കഴിയുക. ഇനിയും ബാറ്റ് ചെയ്യാത്ത താരത്തിനു പകരമായോ ഒരു ഓവറിലധികം ബൗൾ ചെയ്യാത്ത താരത്തിനു പകരമായോ എക്സ് ഫാക്ടർ പ്ലയറിനെ ഉൾപ്പെടുത്താം.

ബാഷ് ബൂസ്റ്റ് എന്നാൽ രണ്ടാം ഇന്നിംഗ്സിൻ്റെ 10ആം ഓവറിൽ നൽകുന്ന ബോണസ് പോയിൻ്റ് ആണ്. ഏത് ടീം ആണോ 10 ഓവറിൽ എതിർ ടീമിനെക്കാൾ മികച്ച സ്കോറിൽ നിൽക്കുന്നത്, ആ ടീമിന് ഒരു ബോണസ് പോയിൻ്റ് ലഭിക്കും.

Story Highlights Shane Watson Critisizes The Three New Rules Ahead Of BBL

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top