സ്വർണക്കടത്ത്: ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലാ ജയിലിലെത്തിയാണ് കസ്റ്റംസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകും.
സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് വി. വിവേകിന്റെ നേതൃത്വത്തിലുളള സംഘം എറണാകുളം ജില്ലാ ജയിലിലെത്തിയാണ് എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നയതന്ത്ര ബാഗേജ് വഴിസ്വർണം കടത്തിയ കേസിൽ ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചെന്നാണ് കസ്റ്റംസ് വാദം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിമാൻഡിൽ കഴിയുകയാണ് ശിവശങ്കർ. ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്താൻ, പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്റ്റംസിന് ഇന്നലെ അനുമതി നൽകിയിരുന്നു. ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകും. ഇതുവരെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കസ്റ്റംസ് അറസ്റ്റ് അനുമതി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
കേസിന്റെ ആദ്യ ഘട്ടത്തിൽ ശിവശങ്കറിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന അഭ്യൂഹം തളളിയ കംസ്റ്റംസ് ഒടുവിൽ നിലപാട് മാറ്റി. പുതിയ തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് അറസ്റ്റെന്ന് കസ്റ്റംസ് വിശദീകരിക്കുന്നു. ഏറ്റവുമൊടുവിൽ വീണ്ടും രേഖപ്പെടുത്തിയ സ്വപ്നയടക്കമുള്ളവരുടെ മൊഴിയാണ് ശിവശങ്കറിന് കുരുക്കായത്. ശിവശങ്കറിനെതിരായ ഇ.ഡിയുടെ കണ്ടെത്തലുകളെ ശരിവെക്കുന്ന നിലപാടാണ് കസ്റ്റംസ് ഇപ്പോൾ സ്വീകരിക്കുന്നത്.
Story Highlights – customs arrest sivasankar gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here