10 പേരുമായി പൊരുതി ഗോവ; അവസാന നിമിഷത്തെ പെനാൽറ്റിയിൽ രക്ഷപ്പെട്ട് മുംബൈ

ഐഎസ്എലിൽ മുംബൈ സിറ്റിക്ക് ആദ്യ ജയം. എഫ്സി ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ സിറ്റി എഫ്സി കീഴടക്കിയത്. ഇഞ്ചുറി ടൈമിൽ ആദം ലെ ഫോണ്ട്രെ നേടിയ പെനാൽറ്റി ഗോളാണ് മുംബൈയെ രക്ഷപ്പെടുത്തിയത്. ആദ്യ പകുതിയുടെ അവസാനത്തിൽ റഡീം ടലാങ് ചുവപ്പുകാർഡ് കണ്ട് പുറത്തു പോയതോടെ 10 പേരുമായാണ് ഗോവ രണ്ടാം പകുതിയിൽ ഇറങ്ങിയത്.
ആക്രമണ ഫുട്ബോളാണ് ഒരു ടീമുകളും കാഴ്ച വെച്ചത്. ഒപ്പത്തിനൊപ്പമാണ് തുടങ്ങിയെങ്കിലും ഗോവ സാവധാനം മത്സരത്തിൽ പിടിമുറുക്കാൻ തുടങ്ങി. പക്ഷേ, ഫൈനൽ തേർഡിൽ ഇരു ടീമുകളും പതറിയപ്പോൾ ഗോളുകൾ അകന്നു നിന്നു. ഇരു ടീമുകളും പ്രതിരോധക്കോട്ട സംരക്ഷിച്ചു നിർത്തിയതും ഗോൾവരൾച്ചക്ക് കാരണമായി. മുംബൈ പ്രതിരോധത്തെ മറികടന്ന് ഗോവ ഷോട്ടുകൾ തൊടുത്തപ്പോഴൊക്കെ ഒന്നാംതരം സേവുകളുമായി കളം നിറഞ്ഞ ഗോൾ കീപ്പർ അമരീന്ദർ സിംഗും മത്സരത്തിൽ നിർണായക പ്രകടനം കാഴ്ച വെച്ചു. ഗോവ പരുഷമായ കളി പുറത്തെടുത്തതോടെ റഫറി പല തവണ ഇടപെട്ടു. 40ആം മിനിട്ടിലായിരുന്നു ചുവപ്പു കാർഡ്. ഹെർനൻ സൻ്റാനയ്ക്കെതിരെ നടത്തിയ ഒരു ടാക്കിൾ മാർച്ചിംഗ് ഓർഡറിൽ കലാശിക്കുകയായിരുന്നു.
Read Also : ഐഎസ്എൽ: ആദ്യ ജയം ലക്ഷ്യമിട്ട് മുംബൈയും ഗോവയും മുഖാമുഖം
10 പേരായി ചുരുങ്ങിയിട്ടും ഗോവ ആക്രമണം നിർത്തിയില്ല. മുംബൈ ഗോൾമുഖത്തെ പലതവണ വിറപ്പിച്ച അവരെ പലപ്പോഴും തടഞ്ഞുനിർത്തിയത് അമരീന്ദറായിരുന്നു. ചുവപ്പു കാർഡ് മുതലെടുത്ത് മുംബൈയും ആക്രമണം കടുപ്പിച്ചു. അവസാന മിനിട്ടുകളിൽ വിങ്ങുകളിലൂടെ ഇരച്ചുകയറിയ മുംബൈ ക്രോസുകൾ കൊണ്ട് ഗോവയെ മുൾമുനയിൽ നിർത്തി. എന്നിട്ടും ഗോളുകൾ പിറന്നില്ല. ഒടുവിൽ ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഫോണ്ട്രെ ഗോളിലേക്ക് പായിക്കുകയായിരുന്നു.
Story Highlights – mumbai city fc won against fc goa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here