പോസ്റ്ററടിച്ച് പ്രചാരണം തുടങ്ങി; സീറ്റില്ലെന്നറിഞ്ഞപ്പോൾ പോസ്റ്റർ കത്തിച്ച് വനിതാ നേതാവിന്റെ പ്രതിഷേധം

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ പോസ്റ്റർ ഒട്ടിച്ച് പ്രചാരണം തുടങ്ങിയ വനിതാ നേതാവ് ഒടുവിൽ ആ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ സുമയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ പോസ്റ്റർ ഒട്ടിച്ച് പ്രചാരണം തുടങ്ങിയത്. സീറ്റില്ലെന്നറിഞ്ഞപ്പോൾ പോസ്റ്റർ കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു.
പത്രിക പിൻവലിക്കേണ്ട അവസാന ദിവസമാണ് സ്ഥാനാർത്ഥി മറ്റൊരാളാണെന്ന് സുമ അറിയുന്നത്. ഇതോടെ അച്ചടിച്ച പോസ്റ്ററുകൾ റോഡിലിട്ട് കത്തിക്കുകയായിരുന്നു. ദളിത് വനിതയായതിന്റെ പേരിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം സീറ്റ് നിഷേധിച്ചതെന്നാണ് സുമ പറയുന്നത്. ഇത്തരത്തിലുള്ള അവസ്ഥ പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീക്കും വരരുതെന്നും സുമ പറയുന്നു.
കോൺഗ്രസ് നേതാവും കെ.പി.എം.എസ് ശാഖാ സെക്രട്ടറിയുമാണ് സുമ. പാർട്ടി നേതൃത്വത്തിന്റെ നിലപാടിനെതിരെ സ്വതന്ത്രയായി മത്സരിക്കാൻ ഒരുങ്ങുകയാണ് സുമ.
Story Highlights – Local body election