ഫുട്ബോൾ ഇതിഹാസത്തിന് നാപ്പോളിയുടെ ആദരം; ക്ലബ് സ്റ്റേഡിയം ഇനി മറഡോണയുടെ പേരിൽ അറിയപ്പെടും

ഇന്നലെ അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരവുമായി ഇറ്റാലിയൻ ക്ലബ് നാപ്പോളി. ക്ലബിൻ്റെ സ്റ്റേഡിയമായ ‘സ്റ്റേഡിയോ സാൻ പാവോലോ’യുടെ പേര് മാറ്റി മറഡോണയുടെ പേര് നൽകാനാണ് ക്ലബ് ആലോചിക്കുന്നത്. പേര് മാറ്റുന്നത് ആലോചിക്കുന്നുണ്ടെന്നും ഉടൻ തീരുമാനം എടുക്കുമെന്നും ക്ലബ് പ്രസിഡൻ്റ് ഓറേലിയോ ഡെ ലോറൻ്റിസ് പറഞ്ഞു. നേപ്പിൾസ് മേയറും ഇത് പ്രഖ്യാപിച്ചിട്ടുണ്ട്.
ക്ലബ് കരിയറിൽ മറഡോണ ഏറ്റവുമധികം മത്സരങ്ങൾ കളിച്ചത് നാപ്പോളിക്ക് വേണ്ടിയായിരുന്നു. 1984ൽ നാപ്പോളി കരിയർ ആരംഭിച്ച അദ്ദേഹം 188 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. ക്ലബിനായി 81 ഗോളുകളും നേടി.
ഹൃദയാഘാതത്തെ തുടർന്ന് മറഡോണ മരണമടഞ്ഞു എന്ന് അർജൻ്റൈൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി താരം മരണപ്പെട്ടത്. മരണത്തിൻ്റെ പശ്ചാത്തലത്തിൽ അർജൻ്റീനയിൽ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.
ലയണൽ മെസി, ക്രിസ്ത്യാനോ റൊണാൾഡോ, പെലെ, നെയ്മർ, വിരാട് കോലി, സൗരവ് ഗാംഗുലി തുടങ്ങി ഒട്ടേറെ പ്രമുഖർ ഫുട്ബോൾ ഇതിഹാസത്തിന് ആദരാഞ്ജലി അർപ്പിച്ചു.
Story Highlights – Naples mayor wants napoli stadium to be renamed after Diego Maradona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here