Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (27-11-2020)

November 27, 2020
Google News 1 minute Read

സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽ പദ്ധതി: കേന്ദ്രസർക്കാരിന് ശുപാർശ ചെയ്യില്ല

സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽ പദ്ധതിക്ക് അം​ഗീകാരം നൽകാൻ നീതി ആയോഗ് കേന്ദ്രസർക്കാരിന് ശുപാർശ ചെയ്യില്ല. പദ്ധതി യാഥാർത്ഥ്യമാക്കാനായി സമർപ്പിച്ച രൂപരേഖയിൽ ചിലവ് യുക്തിഭഭ്രമല്ല എന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് നടപടി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നടപടികളെ പൂർണമായും പ്രതിരോധത്തിലാക്കുന്നതാണ് നീതി ആയോഗിന്റെ നിലപാട്.

എം ശിവശങ്കറിനെ ഡോളർ കടത്ത് കേസിലും കസ്റ്റംസ് പ്രതി ചേർക്കും

എം ശിവശങ്കറിനെ ഡോളർ കടത്ത് കേസിലും കസ്റ്റംസ് പ്രതി ചേർക്കും. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർക്കുക.

ലൈഫ് മിഷന്‍ : ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനൊരുങ്ങി വിജിലന്‍സ്

ലൈഫ് മിഷന്‍ കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനൊരുങ്ങി വിജിലന്‍സ്. സന്ദീപ് നായര്‍, സ്വപ്നാ സുരേഷ് എന്നിവരുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവ പരിശോധിക്കും.

കേരള ബാങ്ക്: ഗോപി കോട്ടമുറിക്കൽ പ്രസിഡന്റ്; എം.കെ കണ്ണൻ വൈസ് പ്രസിഡന്റ്

കേരള ബാങ്കിന്റെ പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനെ നിയമിച്ചു. എം.കെ കണ്ണനാണ് വൈസ് പ്രസിഡന്റ്.

‘ഡല്‍ഹി ചലോ’ പ്രക്ഷോഭം; കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ പ്രക്ഷോഭത്തില്‍ ഹരിയാനയിലെ സിംഗു അതിര്‍ത്തിയില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കര്‍ഷകരെ പിരിച്ചുവിടാനാണ് പൊലീസ് നടപടി. കടുത്ത നടപടികളുമായി ഡല്‍ഹി പൊലീസ് നീങ്ങുകയാണ്.

പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്‍കും

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്‍കും. മൂവാറ്റുപുഴ വിജിലന്‍‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കുക. തിങ്കളാഴ്ച വിജിലന്‍സ് വീണ്ടും ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിലെത്തി ചോദ്യം ചെയ്യും. പ്രതിയെ വിജിലന്‍സ് കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസ്; സര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. വിചാരണ കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുന്നത്. വിചാരണ കോടതിക്ക് എതിരെയുള്ള ആക്ഷേപങ്ങള്‍ തെളിയിക്കാന്‍ പുതിയ തെളിവുകള്‍ അടക്കം ഹാജരാക്കാന്‍ സാധിച്ചാല്‍ ഹര്‍ജി നിലനില്‍ക്കും. മുതിര്‍ന്ന അഭിഭാഷകര്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ അനുവാദം നല്‍കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നതിനിടെ സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ അനുവാദം നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. തീരുമാനം സര്‍ക്കാര്‍ ഡല്‍ഹി പൊലീസിനെ അറിയിച്ചു. ഒന്‍പത് സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ പൊലീസ് സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു.

സ്പ്രിംഗ്‌ളര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: എം.എം. ഹസന്‍

സ്പ്രിംഗ്‌ളര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. നിലവിലെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. റിപ്പോര്‍ട്ടിന് മേല്‍ റിപ്പോര്‍ട്ട് തേടി പുതിയ സമിതിയെ ചുമതലപ്പെടുത്തുന്നത് അഴിമതി മൂടിവയ്ക്കാനാണ്. സി. എം. രവീന്ദ്രനെ ചോദ്യംചെയ്താല്‍ അന്വേഷണം മുഖ്യമന്ത്രിയിലെത്തുമെന്നും യുഡിഎഫ് കണ്‍വീനര്‍ കൊല്ലത്ത് നടന്ന മീറ്റ് ദ പ്രസില്‍ പറഞ്ഞു.

ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി

ഡല്‍ഹി ചലോ മാര്‍ച്ച് അതിര്‍ത്തിയില്‍ തടയാനുള്ള ശ്രമങ്ങള്‍ പാഴായി. കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. വടക്കന്‍ ബുരാരിയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനാണ് അനുമതി നല്‍കിയത്. ബുരാരിയിലെ നിരാന്‍ ഖാരി മൈതാനത്ത് കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാം. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയില്‍ സമരം നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ഇന്നും ലാത്തിചാര്‍ജ് നടത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കൊവിഡാനന്തര പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ അദ്ദേഹം ഹാജരാകേണ്ടിയിരുന്നത്.

പൊലീസ് നിയമ ഭേദഗതിയില്‍ വീഴ്ച സമ്മതിച്ച് സിപിഐഎം

പൊലീസ് നിയമ ഭേദഗതിയില്‍ വീഴ്ച സമ്മതിച്ച് സിപിഐഎം. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്‍ പറഞ്ഞു. തെറ്റുണ്ടെന്ന് മനസിലായതുകൊണ്ടാണ് തിരുത്തിയത്. ആരെയെങ്കിലും വ്യക്തിപരമായി പഴിചാരേണ്ട കാര്യമല്ലിതെന്നും വിജയരാഘവന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3348 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂര്‍ 131, വയനാട് 105, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സി.എം. രവീന്ദ്രന്‍ ഉടന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകും

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഉടന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. രവീന്ദ്രന്റെ ആശുപത്രി വാസം സിപിഐഎം ചര്‍ച്ച ചെയ്തു. ഹാജരാകുന്നത് നീട്ടിക്കൊണ്ടുപോകുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും. ചോദ്യം ചെയ്യലില്‍ നിന്ന് ദീര്‍ഘനാള്‍ ഒഴിവാകാനാകില്ല. രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് വൈകാതെ ഹാജരാകുന്നതാണ് ഉചിതമെന്നും സിപിഐഎം വിലയിരുത്തി.

Story Highlights today-headlines 27-11-2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here