റൺമല താണ്ടാനാവാതെ ഇന്ത്യ; ഓസ്ട്രേലിയക്ക് ജയം, പരമ്പര

Australia won second odi

ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോൽവി. രണ്ടാം ഏകദിനത്തിൽ 51 റൺസിനു വിജയിച്ച ഓസീസ് ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും സ്വന്തമാക്കി. ഓസ്ട്രേലിയ മുന്നോട്ടുവച്ച 390 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി വിരാട് കോലി 89 റൺസെടുത്ത് ടോപ്പ് സ്കോററായി. ലോകേഷ് രാഹുൽ 76 റൺസെടുത്തു.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാർ ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ആദ്യ വിക്കറ്റിൽ 58 റൺസാണ് മായങ്ക്-ധവാൻ സഖ്യം കൂട്ടിച്ചേർത്തത്. ധവാനെ (30) സ്റ്റാർക്കിൻ്റെ കൈകളിലെത്തിച്ച ഹേസൽവുഡ് ആണ് ഓസീസിന് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. ഏറെ വൈകാതെ മായങ്കും (28) മടങ്ങി. മായങ്കിനെ കമ്മിൻസിൻ്റെ പന്തിൽ അലക്സ് കാരി പിടികൂടുകയായിരുന്നു.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോലി-ശ്രേയാസ് സഖ്യം മികച്ച കളിയാണ് കെട്ടഴിച്ചത്. ഫോമിലേക്ക് തിരികെ വരുന്നതിൻ്റെ സൂചനകൾ നൽകി കോലി കത്തിക്കയറിയതോടെ റൺസ് എത്തി. ഒടുവിൽ മോയിസസ് ഹെൻറിക്കസാണ് 93 റൺസ് നീണ്ട ഈ കൂട്ടുകെട്ട് പൊളിച്ചത്. 38 റൺസെടുത്ത ശ്രേയാസിനെ സ്മിത്ത് പിടികൂടി. നാലാം വിക്കറ്റിൽ ലോകേഷ് രാഹുൽ-വിരാട് കോലി സഖ്യവും നന്നായി ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. ഇതിനിടെ ഇരുവരും ഫിഫ്റ്റിയും തികച്ചു. 72 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഉയർത്തിയത്. 89 റൺസെടുത്ത ഇന്ത്യൻ ക്യാപ്റ്റനെ പുറത്താക്കിയ ഹേസൽവുഡ് വീണ്ടും ഓസ്ട്രേലിയക്ക് ബ്രേക്ക്ത്രൂ നൽകി. കോലിയെ ഹെൻറിക്കസ് ഉജ്ജ്വലമായി പിടികൂടുകയായിരുന്നു. ഹർദ്ദിക് പാണ്ഡ്യയുമൊത്ത് 63 റൺസിൻ്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം ലോകേഷ് രാഹുലും (76) മടങ്ങി. രാഹുലിനെ സാമ്പ ഹേസൽവുഡിൻ്റെ കൈകളിൽ എത്തിച്ചു.

അവസാന ഓവറുകളിൽ ജഡേജയും പാണ്ഡ്യയും ചില കൂറ്റൻ ഷോട്ടുകൾ ഉതിർത്തെങ്കിലും വിജയലക്ഷ്യം ഏറെ ദൂരെയായിരുന്നു. 24 റൺസെടുത്ത ജഡേജ കമ്മിൻസിൻ്റെ പന്തിൽ മാക്സ്‌വലിൻ്റെ കൈകളിൽ അവസാനിച്ചപ്പോൾ പാണ്ഡ്യയെ (28) സ്മിത്ത് പിടികൂടി. ഇരുവരും അടുത്തടുത്ത പന്തുകളിലാണ് മടങ്ങിയത്. ഷമിയെ (1) സ്വന്തം ബൗളിംഗിൽ മാക്സ്‌വൽ പിടികൂടി. ബുംറയെ (0) സാമ്പ വിക്കറ്റിനു മുന്നിൽ കുരുക്കി.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് 389 റൺസെടുത്തത്. സ്മിത്ത് തുടർച്ചയായ രണ്ടാം സെഞ്ചുറി നേടി ടോപ്പ് സ്കോററായപ്പോൾ വാർണർ, ഫിഞ്ച്, ലെബുഷെയ്ൻ, മാക്സ്‌വൽ എന്നിവർ ഫിഫ്റ്റി നേടി.

Story Highlights Australia won second odi vs india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top