എറണാകുളം പ്രളയ ഫണ്ട് തട്ടിപ്പ് കേസ്: ജീവനക്കാർക്കും ഭരണ സമിതിക്കും വീഴ്ച ഉണ്ടായിട്ടില്ലെന്ന് സഹകരണ വകുപ്പ്

എറണാകുളം പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർക്കും ഭരണ സമിതിക്കും വീഴ്ച ഉണ്ടായിട്ടില്ലെന്ന് സഹകരണ വകുപ്പ്. ഫെഡറൽ ബാങ്കിൽ അയ്യനാട് ബാങ്കിന്റെ പേരിലുള്ള അക്കൗണ്ടാണെന്ന് തെറ്റിദ്ധരിച്ചാണ് സിപിഐഎം നേതാവ് അൻവറിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്. തെറ്റ് തിരിച്ചറിഞ്ഞപ്പോൾ പണം തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ടു. അൻവർ പണം തിരികെ അടയ്ക്കുകയും ചെയ്തു.
സഹകരണ സംഘം രജിസ്ട്രാർ നൽകിയ വിവരാവകാശ രേഖയിലാണിത് വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രളയ ഫണ്ടിൽ നിന്ന് ഒരു കോടി 60 ലക്ഷം രൂപ കാണാനില്ലെന്നായിരുന്നു കേസ്. തൃക്കാക്കരയിലെ പ്രാദേശിക സിപിഐഎം നേതാക്കൾ കേസിൽ പ്രതികളാണ്. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായിരുന്ന അൻവർ, ഭാര്യ ഖൗറത്ത്, എൻഎൻ നിതിൻ, നിതിൻറെ ഭാര്യ ഷിന്റു എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ഇവരെ പിന്നീട് സിപിഐഎമ്മിൽനിന്ന് പുറത്താക്കി. സിപിഐഎം നിയന്ത്രിക്കുന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗവും കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നു.
Story Highlights – ernakulam flood relief fund scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here