‘മറഡോണ ബലാത്സംഗ കുറ്റവാളി’; മൗനാചരണത്തിനെതിരെ ഗ്രൗണ്ടിൽ പ്രതിഷേധിച്ച് വനിതാ താരം

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്കെതിരെ പ്രതിഷേധവുമായി വനിതാതാരം. മറഡോണ ബലാത്സംഗ കുറ്റവാളിയാണെന്നും അങ്ങനെയൊരാളെ ആദരിക്കാൻ തന്നെ കിട്ടില്ലെന്നും പ്രഖ്യാപിച്ചാണ് സ്പാനിഷ് വനിതാ ഫുട്‌ബോൾ താരമായ പൗല ഡപെന പ്രതിഷേധം അറിയിച്ചത്. ഒരു ഫുട്ബോൾ മത്സരത്തിനു മുൻപ് ഇരു ടീമുകളിലെയും താരങ്ങൾ മൗനമാചരണം നടത്തിയപ്പോൾ അതേ നിരയിൽ നിലത്ത് തിരിഞ്ഞിരുന്നാണ് ഡപെന പ്രതിഷേധിച്ചത്.
വിയാജെസ് ഇന്റെരിയാസ്- ഡിപോർടീവോ അബൻക്ക മത്സരത്തിനു മുന്നോടിയായാണ് സംഭവം നടന്നത്. വിയാജെസിന്റെ താരമാണ് 24കാരിയായ ഡപെന. മത്സരം ആരംഭിക്കുന്നതിന് മുൻപ് ഇരു ടീമുകളുടേയും താരങ്ങൾ ഗ്രൗണ്ടിൽ ഒരു നിമിഷം മൗനമായി നിന്നു. എന്നാൽ ഡപെന ഇതിനു തയ്യാറായില്ല. ടീം അംഗങ്ങൾ നിരന്നു നിൽക്കുമ്പോൾ താരം തിരിഞ്ഞ് നിലത്തിരിക്കുകയായിരുന്നു.
Read Also : മറഡോണയ്ക്ക് ബോക്ക ജൂനിയേഴ്സിന്റെ ഹൃദയം തൊടുന്ന ആദരം; പൊട്ടിക്കരഞ്ഞ് മകൾ
“ലൈംഗിക കുറ്റവാളിയായ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന, സാമാന്യ മര്യാദ ജീവിതത്തിൽ ഒട്ടും പുലർത്താത്ത അയാൾക്ക് വേണ്ടി മൗനം ആചരിക്കാൻ എനിക്ക് താത്പര്യമില്ലായിരുന്നു. ചൂഷണത്തിന് ഇരയാകുന്നവർക്കായി ഒരു മിനിട്ട് മൗനമാചരിക്കാൻ സമയം ഇല്ല. അവരോട് ഒരു അനുഭാവവും ആർക്കും തോന്നുന്നില്ല. എന്നാൽ പീഡിപ്പിച്ച ആൾക്ക് വേണ്ടി മൗനമാചരിക്കുന്നു. ഇതിനോട് എനിക്ക് ഒട്ടും യോജിക്കാൻ സാധിക്കുന്നില്ല”- ഡപെന പറഞ്ഞു.
പ്രതിഷേധത്തിനു പിന്നാലെ താരത്തിനെതിരെ വധ ഭീഷണി അടക്കം ഉയർന്നിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടർന്ന് നവംബർ 25 നായിരുന്നു മറഡോണ അന്തരിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനുശേഷം വിശ്രമത്തിലായിരുന്നു.
Story Highlights – Female footballer cops death threats over Diego Maradona protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here