കോഴിക്കോട് പോപ്പുലർ ഫ്രണ്ട് ഓഫിസിൽ 12 മണിക്കൂർ നീണ്ട എൻഫോഴ്സ്മെന്റ് പരിശോധന; ഉദ്യോ​ഗസ്ഥരുടെ വാഹനം തടഞ്ഞ് പ്രവർത്തകർ

പോപ്പുലർ ഫ്രണ്ട് ദേശീയ നേതാക്കളുടെ വീടുകളിലും കേരളം, ബിഹാർ സംസ്ഥാന ഓഫിസുകളിലും എൻഫോഴ്സ്മെന്റ്
ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് പൂർത്തിയായി. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലെ പരിശോധന പന്ത്രണ്ടു മണിക്കൂർ നീണ്ടു. പരിശോധന കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന്‍റെ വാഹനം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടഞ്ഞു.

സംസ്ഥാനത്ത് അഞ്ചിടങ്ങളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരേ സമയം റെയ്ഡ് നടത്തിയത്. ദേശീയ ചെയർമാൻ ഒ.എം.എ സലാമിൻ്റെ വീട്ടിലും, ദേശീയ സെക്രട്ടറിമാരായ നസറുദ്ദീൻ എളമരം, കരമന അഷ്റഫ് മൗലവി എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. സിആർപിഎഫ് കാവലിലായിരുന്നു പോപ്പുലർ ഫ്രണ്ടിൻ്റെ കോഴിക്കോട് ഓഫിസിൽ ഉൾപ്പെടെ പരിശോധന നടന്നത്. സംസ്ഥാന ദേശീയ നേതാക്കളുടെ വീടുകളിലെ റെയ്ഡ് പൂർത്തിയായപ്പോൾ, സംസ്ഥാന കമ്മിറ്റി ഓഫീസിലെ പരിശോധന 12 മണിക്കൂർ നീണ്ടു. റെയ്ഡ് നടന്ന സ്ഥലങ്ങളില്‍ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടിച്ച് കൂടി. പ്രവർത്തകരും പൊലീസും തമ്മിൽ മിക്കയിടങ്ങളിലും നേരിയ സംഘർഷമുണ്ടായി. സംസ്ഥാന കമ്മിറ്റി ഓഫിസിൽ നിന്ന് പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി സംഘത്തിന്റെ വാഹനം പ്രവർത്തകർ തടഞ്ഞു. അഷ്റഫ് മൗലവിയുടെ വീട്ടിലെ പരിശോധനക്ക് ശേഷം സംശയകരമായ ഒന്നും ലഭിച്ചിട്ടില്ല എന്ന് എഴുതി വാങ്ങിയ ശേഷമാണ് ഉദ്യോഗസ്ഥരെ മടങ്ങാൻ അനുവദിച്ചത്. പാർട്ടിക്ക് വിദേശത്തു നിന്ന് വൻതോതിൽ ഫണ്ട് എത്തിയെന്ന കേസിലും, പ്രസ്ഥാനത്തിന്‍റെ മറ്റ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടും ആണ് പരിശോധന നടന്നതെന്നാണ് സൂചന. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലുള്ള ദേശീയ നേതാക്കളുടെ വീടുകളിലും പുലർച്ചെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. റെയ്ഡ് പോപ്പുലർ ഫ്രണ്ടിനെ വേട്ടയാടാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്നായിരുന്നു പോപ്പുലർ ഫ്രണ്ട്‌ സംസ്ഥാന അധ്യക്ഷന്‍ സിപി മുഹമ്മദ് ബഷീറിന്‍റെ പ്രതികരണം.

Story Highlights popular front

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top