ഹർദ്ദിക് പാണ്ഡ്യ 2.0; ഓസീസ് പര്യടനം സമ്മാനിച്ച മാണിക്യം

ടീമിൽ വന്നുപോയ മറ്റൊരു ഹാർഡ് ഹിറ്റർ എന്നതായിരുന്നു ഹർദ്ദിക് പാണ്ഡ്യയ്ക്ക് ആദ്യ കാലങ്ങളിൽ കിട്ടിയ വിശേഷണം. പന്തെറിയാൻ കഴിയുന്ന സ്ലോഗർ എന്ന് വൈകാതെ അത് പരിണമിച്ചു. പിന്നീട്, ഹാർഡ് ഹിറ്റിംഗ് ഓൾറൗണ്ടർ എന്നതായി വിശേഷണം. അപ്പോഴും ഹർദ്ദിക് പാണ്ഡ്യയെ വിശ്വസ്തനായ ഒരു മധ്യനിര ബാറ്റ്സ്മാന്മായി എണ്ണാൻ ക്രിക്കറ്റ് നിരീക്ഷകർ തയ്യാറായില്ല. എന്നാൽ, ഇപ്പോൾ ഹർദ്ദിക്കിന് അങ്ങനെയൊരു വിശേഷണമാണ് ലഭിച്ചിരിക്കുന്നത്.
“പന്തെറിയാത്ത ഹർദ്ദിക് പാണ്ഡ്യയെ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ഞാൻ ടീമിൽ എടുക്കില്ല. എൻ്റെ ടീമിൽ മനീഷ് പാണ്ഡേയ്ക്കാണ് സ്ഥാനം.”- വിവാദങ്ങളുടെ കളിത്തോഴൻ, ട്രോളന്മാരുടെ പ്രിയപ്പെട്ടവൻ, ബിസിസിഐയുടെ പേടിസ്വപ്നം സാക്ഷാൽ സഞ്ജയ് മഞ്ജരേക്കർ ആദ്യ ഏകദിനത്തിനു മുൻപ് പറഞ്ഞതാണ് ഇത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര അവസാനിക്കുമ്പോൾ ഹർദ്ദിക്കിനു നേർക്കുള്ള കണക്കിലെ കളികൾ ഇങ്ങനെ: ഇന്ത്യക്കായി ഏറ്റവുമധികം റൺസ്, പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാമത്, പരമ്പരയിൽ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരി, ഇന്ത്യക്കായി ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റിൽ രണ്ടാമതും ഇരു ടീമുകളിലുമായി നാലാമതും, കൂടുതൽ ഫിഫ്റ്റികൾ, കൂടുതൽ 90+ സ്കോറുകൾ, ഇന്ത്യക്കായി ഏറ്റവുമധികം ഫോറുകൾ നേടിയവരിൽ രണ്ടാമത്, ഇരു ടീമുകളിലുമായി നാലാമത്, ഏറ്റവുമധികം സിക്സറുകളിൽ നാലാമത്, ഇന്ത്യക്കായി ഉയർന്ന വ്യക്തിഗത സ്കോർ.
Read Also : ചിന്നപാംപട്ടിയിൽ നിന്ന് കാൻബറ വരെ; നടരാജൻ നടന്ന ദൂരം
ഹിറ്റിംഗ് ആർക്കിൽ പന്ത് വന്നാൽ അതിർത്തിക്കപ്പുറം എത്തിക്കുക എന്ന ലളിതമായ ഫിലോസഫിയാണ് ഹർദ്ദിക്കിനെ മുന്നോട്ടുനയിക്കുന്നത്. അന്നും ഇന്നും ആ ഫിലോസഫിയിൽ മാറ്റമില്ല. എന്നാൽ, ആ ഫിലോസഫി അപ്ലേ ചെയ്യുന്ന രീതിയ്ക്ക് മാറ്റമുണ്ട്. മൂന്നാം ഏകദിനത്തിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ പതറുന്ന സന്ദർഭം. ഹർദ്ദിക്ക് ജഡേജയുമായി ചേർന്ന് മെല്ലെ ഇന്നിംഗ്സ് ബിൽഡ് ചെയ്യുകയാണ്. അവിടെ ഫിഞ്ചിൻ്റെ മാസ്റ്റർ സ്ട്രോക്ക്. മാക്സ്‌വൽ വരികയാണ്. സ്പിന്നർമാരെ കിട്ടിയാൽ ബൗണ്ടറിക്കപ്പുറത്തേക്ക് ഷോട്ടുകൾ കളിക്കാൻ ശ്രമിക്കുന്ന താരമാണ് ഹർദ്ദിക്. പാർട്ട് ടൈം ബൗളറായ മാക്സ്‌വലിനെ ഇരയായി ചൂണ്ടയിൽ കൊരുത്ത് ഫിഞ്ച് ഇട്ടുകൊടുക്കുകയാണ്. കൊത്തിയാൽ വിക്കറ്റിനുള്ള സാധ്യതയാണ്. ഹർദ്ദിക് കൊത്തിയില്ലെന്ന് മാത്രമല്ല, തനിക്ക് മികച്ച റെക്കോർഡുള്ള ആദം സാമ്പ വന്നിട്ടും റിസ്ക് എടുക്കാൻ തയ്യാറായില്ല. തനിക്ക് ഒരുക്കിവെച്ചിരിക്കുന്ന കെണി കൃത്യമായി മനസ്സിലാക്കി ആ തന്ത്രം പൊളിക്കുന്ന പാണ്ഡ്യ 76 പന്തുകളിൽ 92 നോട്ടൗട്ട് എന്ന് സ്കോറിലാണ് ഇന്നിംഗ്സ് അവസാനിപ്പിക്കുന്നത്.
ആദ്യ ഏകദിനത്തിൽ പാണ്ഡ്യ പുറത്താവുന്നത് സാമ്പയുടെ പന്തിൽ സ്റ്റാർക്കിനു ക്യാച്ച് സമ്മാനിച്ചാണ്. ധവാൻ മെല്ലെ സ്കോർ ചെയ്യുമ്പോൾ ടീമിനു വേണ്ടി റൺസുയർത്താൻ ശ്രമിച്ചാണ് അയാൾ വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്. അതും ലിസ്റ്റ് എ കരിയറിലെ ആദ്യ സെഞ്ചുറിക്ക് 10 റൺസ് അകലെ വെച്ച്. വേണമെങ്കിൽ മെല്ലെ സിംഗിളുകൾ ഇട്ട് സെഞ്ചുറി തികയ്ക്കാമായിരുന്നു. പക്ഷേ, പാണ്ഡ്യ ടീമിനു പ്രാധാന്യം നൽകി. ഇങ്ങനെ പക്വത വന്ന ഗെയിം പാണ്ഡ്യയെ ടീം ഇന്ത്യയുടെ ലീഡർഷിപ്പ് ഗ്രൂപ്പിലേക്ക് ഉയർത്തുന്ന കാഴ്ചയും കണ്ടു.
മകൻ ജനിച്ചത് തന്നെ വല്ലാതെ മാറ്റിക്കളഞ്ഞു എന്ന് പരമ്പരയുടെ തുടക്കത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ പാണ്ഡ്യ പറഞ്ഞിരുന്നു. ഉത്തരവാദിത്തം ഉണ്ടായി. ജീവിതത്തെ മറ്റൊരു കോണിലൂടെ കാണാനാവുന്നുണ്ട് എന്ന പാണ്ഡ്യയുടെ പരാമർശം അക്ഷരംപ്രതി ശരിയാവുന്ന കാഴ്ചയ്ക്കാണ് ഓസീസ് പര്യടനം വേദിയായത്.
Story Highlights – hardik pandya transformation as a reliable middle order batsman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here