ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (04-12-2020)

പെരിയ ഇരട്ടക്കൊലക്കേസ്; അന്വേഷണ സംഘത്തിന് സൗകര്യമൊരുക്കണമെന്ന് സിബിഐ

പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണ സംഘത്തിന് സൗകര്യമൊരുക്കണമെന്ന് സിബിഐ. കാസര്‍ഗോഡ് നഗരത്തില്‍ ഓഫീസ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സിബിഐ കത്തയച്ചു. രണ്ടാം തവണയാണ് ഓഫീസ് ആവശ്യപ്പെട്ട് സിബിഐ സര്‍ക്കാരിന് കത്തയക്കുന്നത്. പെരിയ കേസന്വേഷണം സിബിഐയ്ക്ക് വിട്ട സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായി

തമിഴ്‌നാട് തീരം തൊടുന്നതിന്ന് മുന്‍പേ ദുര്‍ബലമായി ബുറേവി ചുഴലിക്കാറ്റ്. മാന്നാര്‍ കടലിടുക്കില്‍ വച്ച് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാമനാഥപുരത്തിനും തൂത്തുക്കുടിക്കും ഇടയിലൂടെ അതിതീവ്ര ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്ത് പ്രവേശിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലായിരുന്നു കരപ്രവേശം.

കൊവിഡ് പ്രതിരോധം: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ഇന്ന്

രാജ്യത്തെ കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി ഇന്ന് സര്‍വകക്ഷിയോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ആണ് യോഗം. വൈറസ് വ്യാപനം രൂക്ഷമായതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കുന്നത്.

ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം കേസില്‍ വെറുതേ വിട്ട കേരള ഹൈക്കോടതി വിധിക്ക് എതിരെ ആണ് സിബിഐയുടെ അപ്പീല്‍. രണ്ട് കോടതികള്‍ ഒരേ തീരുമാനം എടുത്ത കേസില്‍ ശക്തമായ വാദങ്ങളുമായി സിബിഐ വരണമെന്ന് കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ കോടതി നേരത്തെ പരാമര്‍ശം നടത്തിയിരുന്നു.

സ്വര്‍ണക്കടത്ത് കേസ്; എം. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി എം. ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. സ്വപ്ന, സരിത്ത് എന്നിവരെയും ഒരുമിച്ച് ഇരുത്തി ആയിരിക്കും കസ്റ്റംസ് ചോദ്യം ചെയ്യുക. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തുന്നത് സംബന്ധിച്ച് ആയിരിക്കും ചോദ്യം ചെയ്യല്‍.

Story Highlights todays headlines 04-12-2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top