Advertisement

തദ്ദേശ തെരഞ്ഞെടുപ്പ്; ബൂത്തുകള്‍ നാളെ സജ്ജമാകും; പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ടുമുതല്‍

December 6, 2020
Google News 1 minute Read
Local elections; Booths will be ready tomorrow

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ നാളെ സജ്ജമാകും. ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ടിന് ആരംഭിക്കും. തിരുവനന്തപുരം ജില്ലയില്‍ 16 കേന്ദ്രങ്ങളില്‍നിന്നാണു പോളിംഗ് സാമഗ്രികളുടെ വിതരണം. ജില്ലയിലെ 1,727 തദ്ദേശ സ്ഥാപന വാര്‍ഡുകളിലായി 3,281 പോളിംഗ് സ്റ്റേഷനുകളാണു വോട്ടെടുപ്പിന് നിശ്ചയിച്ചിട്ടുള്ളത്.
ത്രിതല പഞ്ചായത്തുകളുടെ പോളിംഗ് സാമഗ്രികളുടെ വിതരണം ബ്ലോക്ക് അടിസ്ഥാനത്തിലാണു നടക്കുക. പാറശാല ബ്ലോക്കിലെ പോളിങ് സാമഗ്രികളുടെ വിതരണം പാറശാല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. പെരുങ്കടവിള ബ്ലോക്കിന്റേത് മാരായമുട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അതിയന്നൂര്‍ ബ്ലോക്കിന്റേത് നെല്ലിമൂട് ന്യൂ എച്ച്.എസ്.എസിലും പോത്തന്‍കോട് ബ്ലോക്കിന്റേത് കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും.

മാറനല്ലൂര്‍ ഡി.വി.എം.എന്‍.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നേമം ബ്ലോക്ക് പരിധിയിലുള്ള ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുന്നത്. വെള്ളനാട് ബ്ലോക്കിലെ ബൂത്തുകളുടെ പോളിംഗ് സാമഗ്രികള്‍ വെള്ളനാട് ജി. കാര്‍ത്തികേയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വര്‍ക്കല ബ്ലോക്കിലേത് വര്‍ക്കല ശിവഗിരി എസ്.എന്‍. കോളജിലും ചിറയിന്‍കീഴ് ബ്ലോക്കിന്റേത് ആറ്റിങ്ങല്‍ ഗവണ്‍മെന്റ മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും.

കിളിമാനൂര്‍ എച്ച്.എസ്.എസില്‍നിന്ന് കിളിമാനൂര്‍ ബ്ലോക്ക് പരിധിയിലുള്ള പോളിംഗ് ബൂത്തുകളിലെ പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യും. വാമനപുരം ബ്ലോക്കിലെ ബൂത്തുകള്‍ക്ക് വെഞ്ഞാറമ്മൂട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നെടുമങ്ങാട് ബ്ലോക്കിലേത് നെടുമങ്ങാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണു വിതരണം ചെയ്യുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്ലാ പോളിംഗ് സ്റ്റേഷനുകള്‍ക്കും ഒറ്റ വിതരണ കേന്ദ്രമാണുള്ളത്. നാലാഞ്ചിറ മാര്‍ ഇവാനിയോസ് നഗറിലെ സര്‍വോദയ വിദ്യാലയ ഐ.സി.എസ്.ഇ സ്‌കൂളില്‍നിന്നാണു വിതരണം. വര്‍ക്കല മുനിസിപ്പാലിറ്റിയിലെ പോളിംഗ് സാമഗ്രികള്‍ വര്‍ക്കല മുനിസിപ്പല്‍ ഓഫിസില്‍നിന്നും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലേത് നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലേത് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ഓഫിസില്‍നിന്നും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലേത് മഞ്ച ബി.എച്ച്.എസില്‍നിന്നും വിതരണം ചെയ്യും. വോട്ടെടുപ്പിനു ശേഷം പ്രിസൈഡിങ് ഓഫിസര്‍മാര്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും മറ്റു സാമഗ്രികളും ഇതേ കേന്ദ്രത്തില്‍ത്തന്നെയാണു തിരികെ എത്തിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍വച്ചാണ് അതതു തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണല്‍ വരെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഇവിടങ്ങളില്‍ അതീവ സുരക്ഷയില്‍ തയാറാക്കുന്ന സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും.

Story Highlights Local elections; Booths will be ready tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here