കൊവിഡ്; സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഫീസിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. സ്‌കൂള്‍ നടത്തിക്കൊണ്ട് പോകാന്‍ ആവശ്യമായ തുക മാത്രമേ ഫീസായി വാങ്ങാന്‍ പാടുള്ളൂ. നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കുന്ന തരത്തില്‍ ഫീസ് വാങ്ങാന്‍ പാടില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഫീസിനു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൊവിഡ് കാലത്ത് സ്‌കൂളുകള്‍ ഉയര്‍ന്ന ഫീസ് ആവശ്യപ്പെടുന്നതായി നിരവധി പരാതികളുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ഫീസ് കുറയ്ക്കണമെന്നും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഫീസ് വാങ്ങരുതെന്നും മുഖ്യമന്ത്രി മാനേജ്‌മെന്റുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ ഇത് അംഗീകരിക്കാതെ പല മാനേജ്‌മെന്റുകളും ഉയര്‍ന്ന ഫീസാണ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത്തരം ആവശ്യം അനാവശ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഫീസ് നിയന്ത്രിക്കുന്നതില്‍ ഇടപെടാന്‍ നിര്‍ദ്ദേശിച്ചത്. ഒരു മാനേജ്‌മെന്റും ഈ അധ്യയന വര്‍ഷം സ്‌കൂള്‍ നടത്തിക്കൊണ്ട് പോകാന്‍ ചെലവാകുന്ന യഥാര്‍ത്ഥ തുകയേക്കാള്‍ അധികം തുക ഫീസായി വാങ്ങരുത്. കൊവിഡ് മഹാമാരി എല്ലാ വിഭാഗം ജനങ്ങളേയും ബാധിച്ചിട്ടുണ്ട്. അതിനാല്‍ നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കുന്ന തരത്തില്‍ ഫീസ് ഈടാക്കാന്‍ അനുവദിക്കില്ല. കൊവിഡ് സാഹചര്യത്തില്‍ ഓരോ സ്‌കൂളും വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന സൗകര്യങ്ങള്‍ അനുസരിച്ചാകണം ഫീസ് നിശ്ചയിക്കേണ്ടത്. ഇതു അധിക തുകയല്ലെന്നും ലാഭമുണ്ടാക്കുന്നതല്ലെന്നും മാനേജ്‌മെന്റുകള്‍ ഉറപ്പാക്കണം. ഈ അധ്യയന വര്‍ഷത്തേക്ക് മാത്രമാണ് നിയന്ത്രണമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇതുറപ്പാക്കാന്‍ എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Story Highlights – The government has imposed strict controls on fees in CBSE schools in the state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here