ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (11-12-2020)
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയാനുമതി നല്‍കിയതിനെതിരെ അലോപ്പതി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ വലഞ്ഞ് രോഗികള്‍. അതിരാവിലെ ദൂരസ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ എത്തിയ പലരും മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാരെ കാണാനാകാതെ മടങ്ങി. അതേസമയം, ഗുരുതരാവസ്ഥയില്‍ എത്തുന്നവര്‍ക്കും അടിയന്തര ശ്രദ്ധ വേണ്ടവര്‍ക്കും ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഡോക്ടര്‍മാരുടെ സംഘടനാ നേതാക്കള്‍ അറിയിച്ചു.
സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി തള്ളി ജയില്‍ വകുപ്പ്
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി തള്ളി ജയില്‍ വകുപ്പ്. ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ജയില്‍ ഡിഐജി അജയ കുമാറിന്റെ റിപ്പോര്‍ട്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സ്വപ്‌ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് മൊഴിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ ഡിഐജി സമര്‍പിച്ച റിപ്പോര്‍ട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഉടന്‍ സര്‍ക്കാരിന് കൈമാറും.
കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കര്‍ഷകര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര കൃഷിമന്ത്രി നല്‍കുന്ന വിശദീകരണം കര്‍ഷകര്‍ മനസിലാക്കാന്‍ തയാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഏതുസമയവും ചര്‍ച്ചയ്ക്ക് തയാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
കൊവിഡ് വാക്‌സിന്‍; ഫൈസറിന് അനുമതി നല്‍കാന്‍ അമേരിക്കയും
ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നല്‍കിയേക്കും. ഫൈസറിന് അടിന്തര അനുമതി നല്‍കാന്‍ യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കി. മുതിര്‍ന്ന ആരോഗ്യ വിദഗ്ധരാണ് നിര്‍ദേശം നല്‍കിയത്. ബ്രിട്ടന്‍, കാനഡ, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് നിലവില്‍ വാക്‌സിന് അനുമതി നല്‍കിയത്.
ഇന്ന് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്. ഐഎംഎയുടെയും കെജിഎംസിടിഎയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തും ഡോക്ടര്‍മാര്‍ പണിമുടക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഒപി ബഹിഷ്‌കരണം. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബദല്‍ ചികിത്സാ സംവിധാനമൊരുക്കുമെന്ന് ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞു.
കര്‍ഷക പ്രക്ഷോഭം: ആറാംവട്ട ചര്‍ച്ചയ്ക്കുള്ള തീയതിയില്‍ ധാരണയായില്ല
കര്‍ഷക പ്രക്ഷോഭം ആളിക്കത്തുമ്പോഴും പരിഹാരശ്രമങ്ങളിലെ മെല്ലെപ്പോക്ക് കീറാമുട്ടിയായി തുടരുന്നു. ആറാംവട്ട ചര്‍ച്ചയ്ക്കുള്ള തീയതിയില്‍ ഇതുവരെയും ധാരണയായില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുന്നു. മൂന്ന് കാര്‍ഷിക നിയമങ്ങളും, വൈദ്യുതി ബില്ലും പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. കൂടുതല്‍ ദേശീയപാതകള്‍ ഉപരോധിക്കുമെന്ന കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കേന്ദ്രസേനയുടെ അടക്കം വിന്യാസം വര്‍ധിപ്പിച്ചു.
പാലാരിവട്ടം പാലം അഴിമതിക്കേസ്; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
Story Highlights – news round up, todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here