പാലാരിവട്ടം പാലം അഴിമതിക്കേസ്; ഉദ്യോഗസ്ഥരെ പഴിചാരി മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഉദ്യോഗസ്ഥരെ പഴിചാരി മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. ഉദ്യോഗസ്ഥര്‍ തന്നെ കാര്യങ്ങള്‍ അറിയിച്ചില്ലെന്നും ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ കേസില്‍ വലിയ ഗൂഢാലോചന നടന്നെന്നും ജാമ്യം നല്‍കിയാല്‍ ഇബ്രാഹിംകുഞ്ഞ് അന്വേഷണം അട്ടിമറിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയില്‍ വിധിപറയാനായി തിങ്കളാഴ്ചത്തേക്ക് കേസ് മാറ്റി.
ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് കസ്റ്റഡിയെ എതിര്‍ത്തതും ജാമ്യത്തിനായി വാദിച്ചതും. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ജാമ്യം കിട്ടിയാലും തന്നെ ചോദ്യം ചെയ്യുന്നതിന് തടസമില്ല. കരാറുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ തന്നെ കാര്യങ്ങള്‍ അറിയിച്ചില്ല. ഫയലില്‍ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തത്. കൈക്കൂലി വാങ്ങിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ങ്ങനെയെങ്കില്‍ മന്ത്രി വെറും റബ്ബര്‍ സ്റ്റാംപ് ആണോയെന്ന ചോദ്യം ഇതിനിടെ കോടതിയില്‍ നിന്നുണ്ടായി. ചികിത്സയ്ക്കായി സ്വയം തെരഞ്ഞെടുത്ത ആശുപത്രിയില്‍ നിന്ന് അടിയന്തിരമായി എന്തിന് പുറത്തു കടക്കണമെന്നും ഇബ്രാഹിംകുഞ്ഞിനോട് കോടതി ആരാഞ്ഞു.
അതേസമയം, ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത സര്‍ക്കാര്‍ പി.ഡബ്ല്യു.ഡി കരാറുകളില്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി. മേല്‍പാലം നിര്‍മാണ കരാര്‍ ആര്‍.ഡി.എസ് കമ്പനിക്ക് നല്‍കാന്‍ ടെന്‍ഡറിനു മുന്‍പുതന്നെ തീരുമാനിച്ചിരുന്നു. ഇതിനായി മസ്‌കറ്റ് ഹോട്ടലില്‍ ഗൂഢാലോചന നടത്തി. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യണമെന്നും ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
Story Highlights – Palarivattom bridge corruption case; VK Ibrahim kunju blames officials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here