കർഷക പ്രക്ഷോഭത്തിനെതിരെ കേന്ദ്രമന്ത്രി പീയുഷ് ​ഗോയൽ; അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് കർഷക സംഘടനകൾ

കർഷക പ്രക്ഷോഭത്തിൽ ഭൂരിഭാഗവും മാവോയിസ്റ്റുകളും ഇടത് നിലപാടുകൾ ഉള്ളവരെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. കേന്ദ്രസർക്കാരിലെ നാലാമത്തെ മന്ത്രിയാണ് പ്രക്ഷോഭത്തിനെതിരെ ആരോപണമുന്നയിക്കുന്നത്. പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് കർഷക സംഘടനകൾ പ്രതികരിച്ചു. സമരം പരാജയപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ എല്ലാ നീക്കവും തടയുമെന്നും വ്യക്തമാക്കി

ദേശവിരുദ്ധ ശക്തികൾ കർഷക പ്രക്ഷോഭം ഹൈജാക്ക് ചെയ്തെന്ന ആരോപണം തുടർച്ചയായ ദിവസങ്ങളിൽ കേന്ദ്രസർക്കാർ ഉന്നയിക്കുകയാണ്. എന്നാൽ, ആരോപണം കർഷക സംഘടനകൾ തള്ളി. നിരോധിക്കപ്പെട്ട സംഘടനകളിൽപ്പെട്ടവരെ പ്രക്ഷോഭ സ്ഥലത്ത് കണ്ടെത്തിയാൽ സർക്കാർ ഏജൻസികൾ അവരെ പിടികൂടണം. അത്തരത്തിൽപ്പെട്ടവരെ ഇതുവരെ സമരസ്ഥലത്ത് കണ്ടിട്ടില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

പ്രക്ഷോഭം കടുപ്പിക്കുകയാണ് കർഷക സംഘടനകൾ. കർണാൽ ദേശീയപാതയിലെ ബസ്താര ടോൾ പ്ലാസ അടച്ചുപൂട്ടി. അംബാല ശംഭു അതിർത്തിയിലെയും ഹരിയാന ജജ്ജറിലെയും അടക്കം ഒട്ടേറെ ടോൾ പ്ലാസകൾ പിടിച്ചെടുത്തു ജനങ്ങൾക്ക് സൗജന്യയാത്രയ്ക്ക് തുറന്നു കൊടുത്തു. നാളെ രാജസ്ഥാനിൽ നിന്ന് ഡൽഹിക്ക് ട്രാക്ടർ റാലി സംഘടിപ്പിക്കും. തിങ്കളാഴ്ച കർഷക നേതാക്കൾ സിംഗു അതിർത്തിയിലെ വേദിയിൽ നിരാഹാരമിരിക്കും. ഡൽഹി-ജയ്‌പൂർ ദേശീയപാതയിൽ അടക്കം കേന്ദ്രസേനയുടെയും പൊലീസിന്റെയും വിന്യാസം വർധിപ്പിച്ചു.

Story Highlights Piyush goyal, Farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top